ക്ഷമയും വിട്ടുവീഴ്ച്ചയും: ഒരു അനുഭവപാഠം

ക്ഷമയും വിട്ടുവീഴ്ച്ചയും: ഒരു അനുഭവപാഠം

ഇന്ന് ഒരു ഹോട്ടലിലായിരുന്നു ഉച്ചഭക്ഷണം. ഭക്ഷണത്തിനു ഓര്‍ഡര്‍ കൊടുത്തു ഞാന്‍ കാത്തിരുന്നു. പക്ഷെ സാധാരണഗതിയില്‍ ഭക്ഷണം വരേണ്ട സമയമായിട്ടും വന്നുകണ്ടില്ല. അറിയാതെ എന്റെ മനസ്സില്‍ അക്ഷമ പുകഞ്ഞുവരാന്‍ തുടങ്ങി. വെയിറ്റര്‍മാര്‍ തലങ്ങും വിലങ്ങും നടക്കുന്നുണ്ട്. എന്നെ മൈന്‍ഡ് ചെയ്യാത്തത് പോലെയാണ് അവരുടെ നടത്തമെന്നു തോന്നി.

വെയിറ്ററെ വിളിച്ചു ഓര്‍ഡര്‍ ചെയ്ത കാര്യം ഒരിക്കല്‍ക്കൂടി ഓര്‍മിപ്പിക്കാന്‍ വേണ്ടി തുനിയവെയാണ് എന്റെ തൊട്ടടുത്തിരിക്കുന്ന ആളെ ശ്രദ്ധിച്ചത്. അയാള്‍ എനിക്ക് മുമ്പേ വന്നതാണ്. അയാള്‍ക്കും ഭക്ഷണം എത്തിയിട്ടില്ല. പക്ഷെ അതിന്റെ യാതൊരു അസഹ്യതയും കാണിക്കാതെ ശാന്തനായി ഇരിക്കുന്നു!! അതോടെ വെയിറ്ററെ വിളിക്കാനുള്ള എന്റെ ശ്രമം ഞാന്‍ ഉപേക്ഷിച്ചു.

അല്‍പ്പം കഴിഞ്ഞ് ഭക്ഷണം വന്നു. കഴിച്ചു തുടങ്ങും മുമ്പ് ഞാന്‍ ചുടുവെള്ളം നിറച്ച ജഗ് എടുത്തു ഗ്ലാസിലേക്ക് ചെരിച്ചു. പക്ഷെ അബദ്ധത്തില്‍ അടുത്തിരിക്കുന്ന ആളുടെ കയ്യില്‍ അല്‍പ്പം ചുടുവെള്ളം തെറിച്ചു. രൂക്ഷമായ ഒരു നോട്ടമെങ്കിലും അയാളില്‍ നിന്നും പ്രതീക്ഷിച്ച എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അയാള്‍ അങ്ങനെയൊരു സംഭവമേ നടക്കാത്തത് പോലെ ഭക്ഷണം കഴിക്കുന്നത് തുടര്‍ന്നു.

ഞാന്‍ പറഞ്ഞു: "സോറി.. അറിയാതെ വെള്ളം തെറിച്ചതാണ്.."

"ഹേയ്.. അതൊന്നും ഒരു കുഴപ്പമല്ല.." അയാളുടെ പുഞ്ചിരിയോടെയുള്ള മറുപടി.

ഇതൊരു ചെറിയൊരു സംഭവമാകാം.. പക്ഷെ എന്റെ മനസ്സിനെ വല്ലാതെ സ്വാധീനിച്ചു...

ചില പാഠങ്ങള്‍ പുസ്തകം നോക്കി എത്ര വായിച്ചിട്ടും കാര്യമില്ല. അതേ കാര്യം ഒരാള്‍ പ്രയോഗവല്‍ക്കരിച്ച് കാണിച്ചാലോ മനസ്സില്‍ നിന്നും മായുകയില്ല. ജീവിതത്തില്‍ പകര്‍ത്താതിരിക്കുകയുമില്ല...

Life, Health and Education

Comments

Popular posts from this blog

മഹാനായ അലി (റ അ)ചരിത്രം

മൂസാ നബി (അ) ചരിത്രം ഒരു ലഘു വിവരണം

മുത്തുനബി (സ)യുട കുട്ടിക്കാലം