സ്‌നേഹത്തിന്റെ ജാസ്മിന്‍

സ്‌നേഹത്തിന്റെ ജാസ്മിന്‍

ഇര്‍ശാദ് നടുവില്‍
കല്ല്യാണം കഴിഞ്ഞ് ആദ്യ രാത്രി.
ജാസ്മിന്‍ ഭര്‍ത്താവിന് മുമ്പില്‍ ആഗ്രഹങ്ങളുടെ ചെപ്പ് തുറന്നു. മനസ്സില്‍ കുടി കൂടിയിരുന്ന സ്വപ്നങ്ങളുടെ വാതില്‍ മലര്‍ക്കെ തുറന്നിട്ടു. എങ്കിലും അവളുടെ കണ്ണില്‍ വീഷാദത്തിന്റെ എന്തോ ഒരു മറ നിഴലിച്ചിരുന്നു.
”ജാസ്മിന്‍, എന്താ നിന്റെ മുഖത്തൊരു വിഷാദം?” ഭര്‍ത്താവ് സഹീര്‍ ചോദിച്ചു.
ജാസ്മിന്‍ ഒന്നും മിണ്ടാതെ താഴോട്ടു തന്നെ നോക്കി നിന്നു. നാണത്താല്‍ ഇടം കണ്ണിട്ടു നോക്കുമ്പോഴും ചെഞ്ചുണ്ടില്‍ അവള്‍ വശ്യമായ ഒരു പുഞ്ചിരി വിടര്‍ത്തി.
ഇറാനിക്കാരിയായ ജാസ്മിന്റെ പുഞ്ചിരിയില്‍ ഇരുപത് കാരനായ സഹീര്‍ ലയിച്ചു പോയി. അവരുടെ മുഖത്തില്‍ ആദ്യ രാത്രിയുടെ സന്തോഷം തളിരിട്ടു. സ്വയം മറന്ന് പോയ സുന്ദരമായ നിമിഷങ്ങള്‍. ദാമ്പത്യ ജീവിതത്തിന്‍ ആനന്ദകരമായ ആ രാവില്‍ അവര്‍ ഇണക്കുരുവികളായി മാറി. മംഗളങ്ങളാല്‍ മാലാഖമാര്‍ പോലും പാട്ടു പാടിയ പരിശുദ്ധ രാത്രി… സഹീറിന്റെ സാന്നിദ്ധ്യം ജാസ്മിന്റെ ഹൃദയത്തില്‍ പനിനീര്‍ വിരിയിച്ചു.
ആമോദത്തിന്റെ ഒരായിരം പൂത്തിരി വെട്ടം വിടര്‍ന്ന ജാസ്മിനിന്റെ മുഖത്ത് പെട്ടെന്നൊരു മ്ലാനത.
വിടര്‍ന്നു നിന്നിരുന്ന ജാസ്മിന്‍ പുഷ്പം പെട്ടെന്ന് വാടിയപ്പോള്‍ സഹീര്‍ വല്ലാതെ പിരഭ്രമിച്ചു. സഹധര്‍മണിയുടെ മുഖത്ത് തെളിഞ്ഞ സന്താപത്തിന്റെ കാര്‍മേഘങ്ങള്‍ അയാളുടെ നയനങ്ങളില്‍ അശ്രു കണങ്ങള്‍ പൊഴിച്ചു. അയാള്‍ നിറകണ്ണുകളോടെ ചോദിച്ചു:
”പ്രിയേ… പറയൂ, എന്താണ് നിന്റെ മുഖത്തൊരു വിഷാദം?”
”ഹേയ്! ഒന്നുമില്ല.”
”ഒന്നുമില്ലെന്നോ? പിന്നെ നീ എന്തിനാണ് കരയുന്നത്?”
”അങ്ങനെ വിശേഷിച്ചൊന്നുമല്ല, ഞാന്‍ നമ്മുടെ ഹലീമയെ കുറിച്ച് ഒര്‍ക്കുകയായിരുന്നു. പാവം സ്ത്രീ. കല്ല്യാണം കഴിഞ്ഞ് ഒരു വര്‍ഷം കഴിയും മുമ്പേ തന്നെ ഭര്‍ത്താവ് മരണപ്പെട്ടു”
”അതെ അവരുടെ കാര്യമോര്‍ക്കുമ്പോള്‍ ദുഃഖം തോന്നുന്നു. അദ്ദേഹം രോഗം കാരണമല്ലേ മരണപ്പെട്ടത്. വല്ല യുദ്ധത്തിലും ശഹീദാണെങ്കില്‍ ഇത്ര വിഷമമുണ്ടാകുമായിരുന്നില്ല.” സഹീര്‍ ഭാര്യയുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്നു.
അങ്ങനെ സന്താപ സന്തോഷങ്ങള്‍ കൈമാറിക്കൊണ്ട് ആ നവദമ്പതികള്‍ പരസ്പരം സല്ലപിച്ചു. രാവിന്റെ യാമങ്ങളില്‍ അവര്‍ കിന്നാരം പറയുമ്പോഴും പുറത്ത് മാനം പുതിയൊരു പുലരിക്ക് ആക്കം കൂട്ടുന്നുണ്ടായിരുന്നു.
പള്ളിയില്‍ നിന്നും ബാങ്ക് വിളി ഉയര്‍ന്നു. സഹീര്‍ പള്ളിയിലേക്ക് പോകാനൊരുങ്ങുമ്പോഴാണ് അപ്രതീക്ഷിതമായി ആരോ വാതിലില്‍ മുട്ടുന്നത് കേള്‍ക്കുന്നത്. അസമയുത്താണ്ടായ വാതില്‍ക്കലിലെ അനക്കം സഹീറിനെ തെല്ലാശങ്കയിലാഴ്ത്തി. സഹീര്‍ എഴുന്നേറ്റ് ചെന്ന് വാതില്‍ തുറന്നു. നോക്കുമ്പോള്‍ ശരീരമാസകലം പടയങ്കി ധരിച്ച സഈദ്. തന്റെ ആത്മാര്‍ത്ഥ സുഹൃത്തിനെ കണ്ടപ്പോള്‍ സഹീറിന് സന്തോഷം അടക്കാനായില്ല. അയാള്‍ സഈദിന്റെ കൈ പിടിച്ചാശ്ലേഷിച്ചു. പരസ്പരം ആലിങ്കനം ചെയ്തു.
സഹീറും സഈദും ചെറുപ്പം മുതലേ ചെങ്ങാതിമാരാണ്. ഒരേ വിദ്യാലയത്തില്‍ പഠിച്ചവര്‍, ഒരേ പരിശീലന കേന്ദ്രത്തില്‍ പരിശീലനം നടത്തിയവര്‍, പല യുദ്ധത്തിലും ഒരുമിച്ച് പോരാടിയവര്‍……
എങ്കിലും സുഹൃത്തിന്റെ അസമയത്തുള്ള സന്ദര്‍സനം സഹീറില്‍ ഉത്കണ്ഠയുണ്ടാക്കി.
”പറയൂ സഈദ് എന്തൊക്കെയുണ്ട് വിശേഷങ്ങള്‍?!….”
”ഖൈറുവാനില്‍ സൈനിക നടപടി നടക്കുന്നു. കഴിയുന്നത്ര ആള്‍ക്കാരെ കൂട്ടി നിന്നോട് നാളത്തന്നെ പുറപ്പെടാന്‍ ഗവര്‍ണര്‍ പറഞ്ഞിട്ടുണ്ട്.” സഈദ് ഗവര്‍ണര്‍ അയച്ച കത്ത് നല്‍കിക്കൊണ്ട് പറഞ്ഞു.
അതിനിടയില്‍ സഹീര്‍ ഒരു വേലക്കാരനെ വിളിച്ച് സഈദിന്റെ കുതിരയെ ഏല്‍പിച്ചു. ശേഷം സുഹൃത്തിനെയും കൂട്ടി തന്റെ മണിയറയിലേക്കു ചെന്നു. അവിടെ ജാസ്മിന്‍ നിസ്‌കരിക്കുന്നുണ്ടായിരുന്നു. കുറച്ചു നേരം അവിടുത്തെ കാഴ്ചകളെല്ലാം വീക്ഷിച്ച് അവര്‍ പുറത്തേക്ക് വന്നു.
”സഈദ്! എന്റെ വിവാഹം കഴിഞ്ഞു”
”സന്തോഷം, എപ്പോഴത്?”
”ഇന്നലെ”
”മംഗളാശംസകള്‍” സഈദ് പുഞ്ചിരിച്ചു. അതിനിടയില്‍ ‘ഈ സുഖസൗകര്യങ്ങളൊന്നും താങ്കളെ യുദ്ധത്തെ തൊട്ട് തടയാതിരിക്കട്ടെ’ എന്ന് അയാള്‍ മന്ത്രിച്ചു കൊണ്ടേയിരുന്നു.
”കത്തിനെ കുറിച്ച് എന്തു പറയുന്നു?.” സുഹൃത്തിന്റെ നിലപാടറിയാന്‍ സഈദ് ചോദിച്ചു.
”അതിലെന്ത് ഇത്ര ചിന്തിക്കാന്‍…….?!, നാളെ പുറപ്പെടുക തന്നെ…”
സുഹൃത്തിന്റെ മറുപടി സഈദിനെ ആശ്ചര്യത്തിലാഴ്തി. കഴിഞ്ഞ ദിവസം കല്ല്യാണം കഴിഞ്ഞവര്‍ പിറ്റേ ദിവസം യുദ്ധത്തിനു പോവുകയോ…?. അയാള്‍ അത്ഭുതത്തോടെ സഹീറിനെ നോക്കി.
ശേഷം സഹീര്‍ സഈദിനെയും കൂട്ടി പള്ളിയിലേക്ക് പുറപ്പെട്ടു. സുബ്ഹി നമസ്‌കാരനന്തരം സഹീര്‍ മിമ്പറില്‍ കയറി പ്രസംഗിച്ചു. യുദ്ധത്തിന്റെ മഹത്വത്തെ കുറിച്ചും അതിന്റെ ആവശ്യകതയെ കുറിച്ചും ദീര്‍ഘ നേരം സംസാരിച്ചു.
സഹീറിന്റെ പ്രസംഗം ജനങ്ങളില്‍ വന്‍ പരിവര്‍ത്തനമുണ്ടാക്കി. യുവാക്കള്‍ ഇളകി മറിഞ്ഞു. പലരും യുദ്ധത്തിനു സന്നദ്ധത പ്രകടിപ്പിച്ചു. അങ്ങനെ വലിയൊരു സംഘം രണാങ്കണത്തിലേക്ക് പുറപ്പെടുകയായി.
* * *
വിവാഹം കഴിഞ്ഞിട്ട് ഒരു ദിവസമേ ആയിട്ടുള്ളൂ… ഭര്‍ത്താവ് യുദ്ധത്തിനായി പുറപ്പെടുകയാണ്. തിരിച്ചു വരുമോ എന്ന് പറയാന്‍ വയ്യ. ജാസമിന്റെ ഹൃദയം നീറുന്നുണ്ടായിരുന്നു. ആ മുഖത്തൊന്ന് നോക്കാന്‍ പോലും അവള്‍ക്ക് സാധിക്കുന്നില്ല. എങ്കിലും സത്യത്തിനു വേണ്ടിയല്ലേ, അവള്‍ കണ്ണീരടക്കി സ്വയം സമാധാനിക്കാന്‍ ശ്രമിച്ചു.
സഹീര്‍ യാത്ര പറഞ്ഞിറങ്ങി. അവള്‍ കലങ്ങിയ കണ്ണുകളുമായ പൂമാരനെ അനുഗമിച്ചു. വാതില്‍ക്കലെത്തിയപ്പോള്‍ സഹീര്‍ ഒന്നു തിരഞ്ഞു നോക്കി. തളര്‍ന്നു പോയ ഭാര്യയെ കണ്ടപ്പോള്‍ സഹീറിന്റെ മനസ്സൊന്ന് പിടഞ്ഞു. അയാള്‍ സഖിയെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.
”പ്രിയേ, കരയരുത്. ഇത് സത്യത്തിനു വേണ്ടിയുള്ള പോരാട്ടമാണ്. അതിനാല്‍ എന്തും സംഭവിക്കാം. തിരിച്ചു വരാന്‍ പറ്റുമെന്ന് പറയുക അസാധ്യം. ഒരിക്കലും ക്ഷമ കൈവെടിയരുത്. നിന്നെ അല്ലാഹു സംരക്ഷിക്കും.”
ഇത് ജാസ്മിന്റെ മനസ്സില്‍ തട്ടി. അവളുടെ കണ്ണുകളില്‍ നിന്നും ചുടു ബാഷ്പങ്ങള്‍ കുത്തിയൊലിക്കാന്‍ തുടങ്ങി. സഹീറിന് സഹിക്കാനായില്ല. അയാള്‍ സഹധര്‍മണിയെ തന്റെ മാറോടു ചേര്‍ത്തു. അവളുടെ ശരീരത്തിന് നല്ല ചൂടുണ്ടായിരുന്നു.
ജാസ്മിന്റെ പിടുത്തമൊന്നയഞ്ഞപ്പോള്‍ സഹീര്‍ പുറത്തിനറങ്ങാന്‍ ശ്രമിച്ചു. പക്ഷേ അവളതിന് സമ്മതിച്ചില്ല. ”പ്രിയേ, ഇതെന്റെ ബാധ്യതയാണ്. നീ സമാധാനിക്കുക. ഞാന്‍ തിരിച്ചു വരുന്നത് വരെ ഹനീഫ് നിന്നെ സംരക്ഷിക്കും.”
”ഇക്കാ… എന്നോട് ക്ഷമിക്കണം.” ജാസ്മിന് കുറ്റബോധം തോന്നി.
”എന്നാല്‍ ഞാന്‍ വരട്ടെ! അസ്സലാമു അലൈകും.” സഹീര്‍ ഗദ്ഗദത്തോടെ യാത്ര ചോദിച്ചു.
”വാ അലൈകുമുസ്സലാം” വിതുമ്പുന്ന ചുണ്ടുകളോട് അവള്‍ പുതുമാരനെ യാത്രയാക്കി.
ഭര്‍ത്താവ് മറയുന്നത് വരെ അവള്‍ നിറ കണ്ണുകളോടെ നോക്കി നിന്നു. അപ്പോഴും അവളുടെ ഹൃദയം വിതുമ്പുന്നുണ്ടായിരുന്നു.
***
ദിവസങ്ങള്‍ മെല്ലെ മെല്ലെ നീങ്ങി. ജാസ്മിന്റെ ഗര്‍ഭാഷയത്തില്‍ സഹീറിന്റെ കുഞ്ഞ് വളര്‍ന്നു വരികയാണ്. ഇന്ന് അവളുടെ ശ്രദ്ധ മുഴുവന്‍ ആ കുരുന്നുലാണ്. ഭര്‍ത്താവ് പോയ ശേഷം വന്ന രണ്ടു കത്തുകളിലും ആ പൈതലിനെ കുറിച്ചു തന്നെയായിരുന്നു പരാമര്‍ശിച്ചിരുന്നതും.
ഇന്ന് ജാസ്മിന്‍ സമ്പൂര്‍ണ ഗര്‍ഭിണിയാണ്. ഈ സമയങ്ങളില്‍ അവള്‍ ഭര്‍ത്താവിന്റെ സാന്നിദ്ധ്യം അതിയായി ആഗ്രഹിച്ചു. പ്രസവത്തിന്റെ കാര്യമല്ലേ, പ്രിയതമന്‍ കൂടെയുണ്ടായിരുന്നെങ്കില്‍…
ഹനീഫ ഇതെല്ലാം മനസ്സിലാക്കുന്നുണ്ടായിരുന്നു. അയാള്‍ സഹീറിനൊരു കത്തെഴുതി. ഭാര്യയുടെ ഗര്‍ഭത്തെ കുറിച്ചും അവസ്ഥകളെ കുറിച്ചും വിശദമായി എഴുതി. അവസരം കിട്ടുമെങ്കില്‍ ഒന്നു വന്ന് ഭാര്യയെ കണ്ടു പോകാന്‍ നിര്‍ദേശിച്ചു.
ഹനീഫിന്റെ കത്തിന് ഉടന്‍ മറുപടിയും വന്നു. രണ്ടുമാസത്തിനകം നാട്ടിലെത്താമെന്ന് സഹീര്‍ എഴുതിയറിയിച്ചു. ജാസ്മിന്‍ അതിയായി സന്തോഷിച്ചു. അവള്‍ പ്രിയന്റെ ആഗമനത്തിനായി കാത്തിരുന്നു. അവള്‍ക്ക് രാപ്പകലുകള്‍ക്ക് ദൈര്‍ഘ്യമേറിയ പോലെ തോന്നി. അവളുടെ മനസ്സില്‍ ഒരായിരം സ്വപ്നങ്ങള്‍ കിന്നാരം പറഞ്ഞു കൊണ്ടേയിരുന്നു. ഒപ്പം മറ്റൊരു ഭയവും അവളെ പിന്തുടര്‍ന്നു കൊണ്ടേയിരുന്നു. തന്റെ പ്രിയപ്പെട്ട പൈതല്‍….!
കുറെ കഴിഞ്ഞപ്പോള്‍ അവളുടെ പ്രതീക്ഷക്ക് അറുതിയായി. ജാസ്മിന്റെ വീട്ടില്‍ നിന്നും ഒരു കുഞ്ഞിന്റെ കരച്ചിലുയര്‍ന്നു. വീട്ടില്‍ കൂടിയിരുന്നവരുടെ കണ്ണുകളില്‍ സന്തോഷത്തിന്റെ തിളക്കം. നല്ല ഓമനത്തമുള്ള സുന്ദരിയായ പെണ്‍കുഞ്ഞ്. ”ഉസ്‌റ” അവര്‍ അങ്ങനെയായിരുന്നു ആ കുഞ്ഞിനെ വിളിച്ചിരുന്നത്.
ബോധം തിരിച്ചു കിട്ടിയ ജാസ്മിന്‍ കിടക്കയില്‍ നിന്നും തലയുയര്‍ത്തി ചോദിച്ചു: ”ഇനിയും അവര്‍ വന്നില്ലേ?!”
”ഇല്ല, എത്തിയിട്ടില്ല. ഇപ്പോഴെത്തും” ഹനീഫ അവരെ സമാധാനിപ്പിച്ചു. അവള്‍ വേദനയോടെ തല തലയണയോട് ചേര്‍ത്തു വെച്ചു. പിന്നെ ഒന്നും മിണ്ടിയില്ല. അങ്ങനെ അര്‍ത്ഥ ഗര്‍ഭമായ നിരവധി ദവസങ്ങള്‍ അവര്‍ക്കിടയില്‍ കഴിഞ്ഞു പോയി.
***
രാപ്പകലുകള്‍ മാറിക്കൊണ്ടിരിന്നു. ഉസ്‌റയുടെ പിറവിക്ക് രണ്ടാഴ്ച കഴിഞ്ഞു. ദിനം പ്രതി ജാസ്മിന്റെ ഹൃദയം തളര്‍ന്നു കൊണ്ടേയിരുന്നു. ശരീരം ക്ഷയിക്കാന്‍ തുടങ്ങി. ആരോഗ്യം ദുര്‍ബലമായി വരികയാണ്. കുഞ്ഞിനെ കാണാന്‍ പിതാവ് എത്താത്തതിലുള്ള ദുഃഖം ആ ഹൃദയത്തെ വേട്ടയാടിക്കൊണ്ടിരുന്നു. കിടന്നാല്‍ ഉറക്കം വരാതെയായി. അഥവാ അല്‍പം ഉറക്കം കിട്ടിയാല്‍ തന്നെ അവ നിറയെ സ്വപ്നങ്ങളായിരിക്കും. സന്തോഷത്തിന്റെയും സമാശ്വസത്തിന്റെയും ഒരായിരം കിനാക്കള്‍. ഭര്‍ത്താവും കുഞ്ഞുമൊത്തിരിക്കുന്ന സ്വപ്നങ്ങള്‍. ഉറക്കില്‍ നിന്നും ഞെട്ടിയുണര്‍ന്നാല്‍ നിരാശയായിരിക്കും ഫലം.
പലപ്പോഴും അവള്‍ ഉറക്കത്തില്‍ ”സഹീര്‍… സഹീര്‍…” എന്ന് വിളിച്ചു പറയും. ഇത് കേട്ട് ഹനീഫ് ഓടിവന്നു നോക്കുമ്പോള്‍ ഒന്നുമുണ്ടാവില്ല. എങ്കിലും അവരെ സമാധാനിപ്പിക്കാന്‍ ഹനീഫ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവന്‍ ഓരോന്ന് പറഞ്ഞ് അവരെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കും.
ഇങ്ങനെ ദിവസങ്ങള്‍ പലതും കഴിഞ്ഞു പോയി. ഒരു ദിവസം ഉച്ച സമയം. ജാസ്മിന്‍ വിശ്രമത്തിലാണ്. ഹനീഫ് കുഞ്ഞിനെ താലോലിക്കുകയായിരുന്നു.
”ആരോ വിളിക്കുന്നുണ്ട്” ജാസ്മിന്‍ പറഞ്ഞു. ഹനീഫ് കുഞ്ഞിനെ ജാസ്മിന്റെയടുത്ത് കിടത്തി നേരെ പോയി വാതില്‍ തുറന്നു. നോക്കുമ്പോള്‍ സഈദ്!.
സഈദിന്റെ ശരീരമാകെ വിയര്‍ക്കുന്നുണ്ടായിരുന്നു. മുഖം എന്തോ ഒരു വിഷമം തളംകെട്ടി നില്‍ക്കുന്നുമുണ്ട്.
”സഈദ് എത്തിയോ?, സഹീര്‍ വന്നിട്ടില്ലേ?” ഹനീഫ് ചോദിച്ചു.
വീടിനകത്തെ മുറിയില്‍ വിശ്രമിച്ചു കൊണ്ടിരിക്കുന്ന ജാസ്മിന്‍ ഇവരുടെ സംസാരം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. സഈദ് എന്ന പേര് കേള്‍ക്കേണ്ട താമസം അവളുടെ ഹൃദയം കോരിത്തരിച്ചു. അവള്‍ കട്ടലില്‍ നിന്നെഴുന്നേറ്റ് ഉമ്മറവാതില്‍ ലക്ഷ്യമാക്കി നടന്നു. വാതില്‍ക്കല്‍ ഹനീഫ് മാത്രമാണുള്ളത്. സഈദ് പുറത്തു നില്‍പാണ്.
”പറയൂ സഈദ്, സഹീര്‍ എവിെടെ, വന്നിട്ടിേല്ല?.
സഈദ് എന്ത് പറയണമെന്നറിയാതെ താഴോട്ടു തന്നെ നോക്കി നിന്നു. അയാളുടെ തൊണ്ടയില്‍ നിന്നും വാക്കുകള്‍ പുറത്തേക്ക് വരുന്നില്ല.
”സഹീര്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ശഹീദായിരിക്കുന്നു. ജീവനോടെ തിരിച്ചു വന്നതില്‍ ഞാന്‍ ലജ്ജിക്കുന്നു.” ഒടുവില്‍ സഈദ് ഗദ്ഗദത്തോടെ പറഞ്ഞൊപ്പിച്ചു.
ഇതു കേള്‍ക്കേണ്ട താമസം, ഹനീഫ് ഇടി വെട്ടേറ്റത് പോലെയായി. അയാളവിടെ തരിച്ചുനിന്നുപോയി.
അപ്പോഴാണ് പിന്നില്‍ നിന്നും ഒരു നിലവിളി ഉയര്‍ന്നത്. ഹനീഫ് ബോധം വീണ്ടെടുത്ത് തിരിഞ്ഞു നോക്കി.
ഭര്‍ത്താവിന്റെ വിയോഗമറിഞ്ഞ് ജാസ്മിന്‍ ആകെ തളര്‍ന്ന് ബോധ രഹിതയായി വീണിരിക്കുന്നു. സഈദും ഹനീഫും കൂടി അവരെ താങ്ങിയെടുത്ത് കട്ടിലില്‍ കിടത്തി. ഹനീഫ് അല്‍പം വെള്ളവുമായെത്തി. അപ്പോഴേക്കും സഈദ് ഡോക്ടറേയും തേടി പുറപ്പെട്ടിരുന്നു.
എന്നാല്‍ സഈദ് ഡോക്ടറുമായി തിരച്ചെത്തുമ്പോഴേക്കും ജാസ്മിന്റെ വീട് ജന നിബിഢമായിരുന്നു. എല്ലാ മുഖങ്ങളിലും ദുഃഖം കറ പിടിച്ചിരുന്നു. പല കണ്ണുകളും സജലങ്ങളായിത്തിര്‍ന്നു. കുറച്ചാളുകള്‍ ഖബര്‍ കുഴിക്കാനുള്ള തത്രപ്പാടിലാണ്.
”ഇനി നിങ്ങളുടെ ആവശ്യമില്ല. സംഭവിക്കേണ്ടതെല്ലാം സംഭവിച്ചു കഴിഞ്ഞിരിക്കുന്നു.” ആരോ ഒരാള്‍ ഡോക്ടറോടായി പറഞ്ഞു. ഇതുകേട്ടതും സഈദിന്റെ ഹൃദയം വിങ്ങിപ്പൊട്ടാന്‍ തുടങ്ങി. അയാളുടെ കണ്ണുകള്‍ ചാലിട്ടൊഴുകി. ഇരുകരങ്ങളും ഉടയോനിലേക്കുയര്‍ത്തി അവരുടെ മഅ്ഫിറത്തിനായി സഈദ് പ്രാര്‍ത്ഥിച്ചു.
അതെ, ഐഹിക ജീവിത വള്ളിച്ചെടിയില്‍ നിന്നും ജാസ്മിന്‍ പുഷ്പം ഞെട്ടറ്റ് വീണിരിക്കുന്നു. പുതുമാരനെ തേടി പുതുനാരി യാത്രയായിരിക്കുന്നു. ഒരൊറ്റ ദിവസത്തെ ദാമ്പത്യ ജീവിതം കൊണ്ട് ഒരു നൂറ്റാണ്ട് കാലത്തെക്കാളും ബീബല്‍സമായ സ്‌നേഹം പങ്കുവെച്ച ഇണക്കുരുവികള്‍, അസാന്നിദ്ധ്യത്തിലും സഹധര്‍മ്മണിയെ സ്‌നേഹിച്ച സഹീര്‍… അപ്രത്യക്ഷതയിലും ഭര്‍ത്താവിനെ പ്രേമിച്ച ജാസ്മിന്‍… ദുന്‍യാവില്‍ ഇനിയൊരു മണിയറക്കു കൂടി ആക്കം കൂട്ടാതെ സ്വര്‍ഗീയ മണിയറ തേടി ആ ഇണപ്രാവുകള്‍ അന്ത്യ യാത്രയായിരിക്കുന്നു. ഇന്നാലില്ലാഹ്…
അപ്പോഴും കാര്യങ്ങളൊന്നുമറിയാതെ ഒരു പിഞ്ചു കുഞ്ഞ് അവിടെ വാവിട്ടു കരയുന്നുണ്ടായിരുന്നു. സ്വര്‍ഗീയ ഇണകളായ സഹീറിന്റെയും ജാസ്മിനിന്റെയും പ്രിയ മകള്‍ ‘ഉസ്‌റ.’

Comments

Popular posts from this blog

മഹാനായ അലി (റ അ)ചരിത്രം

മുത്തുനബി (സ)യുട കുട്ടിക്കാലം

മൂസാ നബി (അ) ചരിത്രം ഒരു ലഘു വിവരണം