ഒരു ത്യാഗിയുടെ കഥ

ഒരു ത്യാഗിയുടെ കഥ

ചരിത്രം

ഹൈദര്‍ ലക്ഷദ്വീപ്‌
”വദ്ധാന്‍!!” ചാരനിറമാര്‍ന്ന മരുഭൂമണല്‍കൂനകള്‍ക്കിടയിലായി ഈന്തപ്പനയോലകള്‍ തണലിട്ടു നില്‍ക്കുന്ന, കൊച്ചരുവികള്‍ കളകളാരവം പൊഴിക്കുന്ന, മക്കയെ പുറം ലോകവുമായി ബന്ധിപ്പിക്കുന്ന കൊച്ചു പട്ടണം. അകലങ്ങളില്‍ ചെമന്നു തുടുത്ത കുന്നിന്‍ നിരകള്‍, അവയുടെ താഴ്‌വാരങ്ങളില്‍ ആട്ടിടയന്‍മാര്‍ ആടിനെ മേയ്ക്കുകയും നിത്യജീവിതത്തിനുള്ള വേതനം കണ്ടത്തുകയും ചെയ്യുന്നു. അവിടുത്തുകാര്‍ക്ക് മരുഭൂമിയുടെ ചൂടും ചൂരുംമുണ്ട്, കരുത്തും ബലവുമുണ്ട്, ധൈര്യവും സ്ഥൈര്യവുമുണ്ട്, അഭിമാനവും ആചാരവുമുണ്ട്, അവരാണ് ഗഫ്ഫാറുകള്‍ എന്നറിയപ്പെടുന്നത്.
ശാമിലേക്ക് വാണിജ്യാവശ്യങ്ങള്‍ക്കായി പോകുന്ന കച്ചവട സംഘങ്ങളോടവര്‍ അല്ലറ ചില്ലറ ഇടപാടുകളിലേര്‍പ്പെട്ടു അതില്‍ നിന്നു കിട്ടുന്ന വരുമാനത്തില്‍ ജീവിച്ചു പോവുകയും ചെയ്യുന്നു. ചില നേരങ്ങളില്‍ വഴിപോക്കരെയും ഖാഫിലകളെയും കൊള്ളയടിച്ചുണ്ടാക്കിയ മുതലുകളും അവരുടെ രക്തത്തില്‍ അലിഞ്ഞ് ചേര്‍ന്നു. ഇതായിരുന്നു അവരുടെ പകല്‍ ജീവിതം യഥാര്‍ത്ഥത്തില്‍ സൂര്യാസ്തമയത്തോടെയാണ് അവരുടെ ജീവിതം തുടങ്ങാറ്. കള്ളും പെണ്ണും രാത്രിയുടെ ഇരുട്ടില്‍ നിന്നും ആത്മാവിന്റെ അന്ധകാരത്തിലേക്കവരെ നയിച്ചു. ബിംബാരാധനയും. കളിമണ്‍ വിഗ്രഹങ്ങള്‍ക്കരികെയുള്ള അര്‍ച്ചനകളും നേര്‍ച്ചകളും നടത്തി അര്‍ത്ഥമറ്റ ജീവിതമായിരുന്നു അവര്‍ നയിച്ചിരുന്നത്.

ആയിടെയാണ് അവര്‍ക്കിടയില്‍ ഒരാണ്‍കുഞ്ഞ് ജനിച്ചത്. അവര്‍ അവനെ ”ജുന്‍ദുബ് ബിന്‍ ജുനാദ” എന്ന് വിളിച്ചു. കാലഗതിക്കനുസരിച്ച് അവന്‍ വളര്‍ന്നു വന്നു. അവനില്‍ സമ്മേളിച്ച കഴിവുകള്‍ അവനെ ആ സമൂഹത്തിന്റെ നേതൃത്തത്തിലേക്കെത്തിച്ചു. സമൂഹത്തില്‍ അവന്‍ അബൂദര്‍റ് എന്നപേരില്‍ അറിയപ്പെട്ടു. വാക്കിലും പ്രവൃത്തിയിലും അവന്‍ മറ്റുള്ളവരില്‍ നിന്നും വേറിട്ടു നിന്നു. വിവേകവും ദീര്‍ഘദൃഷ്ടിയും അവനെ വളരെയധികം ഉന്നതിയിലെത്തിച്ചു. സമൂഹത്തില്‍ നടമാടിയിരുന്ന അന്ധവിശ്വാസവും ബഹുദൈവാരാധനയും അയാളില്‍ അസ്വസ്തതയുളവാക്കി. അവരുടെ ജഢിലവിശ്വാസത്തെ അവന്‍ എതിര്‍ത്തു തുടങ്ങി. ആദ്യം മനസ്സ് കൊണ്ട്, പിന്നെ പിന്നെ വാക്കുകള്‍ കൊണ്ടും…
അതിനിടെയാണ് അറേബ്യയില്‍ ദൈവത്താല്‍ ഒരു പ്രവാചകന്‍ നിയോഗിക്കപ്പെട്ടിട്ടുണ്ടെന്ന വാര്‍ത്ത അദ്ദേഹത്തിന്റെ ചെവിയിലുമെത്തിയത്. അറേബ്യയില്‍ നിന്നും ചക്രവാളങ്ങള്‍ ഭേതിച്ചെത്തുന്ന യാത്രക്കാരോടായി അദ്ദേമതിനെക്കുറിച്ച് ചോദിച്ചറിഞ്ഞു. അതോടെ ആത്മാവിന്റെ സ്ത്യാന്വേഷണത്തിന്റെ വിളക്കിന് തിരികൊളുത്തുകയായിരുന്നു അവിടെ.
അബീദര്‍റ് തന്റെ അനുജന്‍ അനീസിനെ അടുത്തുവിളിച്ചു കൊണ്ട് പറഞ്ഞു. ”മക്കയില്‍ പുതിയൊരു പ്രവാചകന്‍ വന്നിട്ടുണ്ടെന്ന വാര്‍ത്തയറിഞ്ഞു. നീ മക്കയില്‍ ചെന്ന് അയാളെക്കുറിച്ചന്വേഷിക്കുക. അയാളുടെ വിശ്വാസവും വാദവും എന്താണെന്ന് കൂടി മനസ്സിലാക്കി എത്രയും പെട്ടെന്ന് തിരിച്ച് വരിക.”.
അനീസ് മക്കയിലെത്തി പ്രവാചകനെക്കുറിച്ചന്വേഷിച്ചു. ഏകദൈവാരാധനയെക്കുറിച്ചും പരിശുദ്ധ ഖുര്‍ആന്റെ വചനത്തെക്കുറിച്ചും പഠിച്ച അദ്ദേഹം വാദ്ദാര്‍ താഴ്‌വാരത്തേക്ക് മടങ്ങി. അവിടെ കാത്തിരിക്കുന്ന തന്റെ സഹോദരനെ സമീപിച്ച അദ്ദേഹം താന്‍ മനസ്സിലാകിയ കാര്യങ്ങളെ ക്കുറിച്ച് വിവരിച്ചു. അവന്‍ പറഞ്ഞു തുടങ്ങി. ”അതെ ഞാന്‍ ആമനുഷ്യനെക്കണ്ടു, ഇത്രമാത്രം സല്‍സ്വഭാവിയും സത്യസന്ധനുമായ ഒരാളെ ഞാനിന്നേവരെ ക്കണ്ടിട്ടില്ല. അദ്ദേഹത്തിന്റെ വചനങ്ങള്‍ അസാധാരണമാണ് അവ കവിതയല്ല എന്നാല്‍ അവ വശ്യവും ഹൃദ്യവുമാണ്. കേള്‍ക്കുന്നവന്റെ ഉള്ളം കവരുന്ന വചനങ്ങളാണവ. അവ ദൈവീകമാണെന്നദ്ദേഹം വാദിക്കുന്നു. അബീദര്‍റ് ചോദിച്ചു ”സാധാരണക്കാര്‍ക്കിടയില്‍ അദ്ദേഹത്തെക്കുറിച്ചുള്ള അഭിപ്രായമെന്താണ്”. അനീസ് പ്രതിവചിച്ചു. ”അവര്‍ അദ്ദേഹം കവിയാണെന്നും മാരണവിദ്യക്കാരനാണെന്നും വാദിക്കുന്നു. എന്നാല്‍ എനിക്കദ്ദേഹത്തെക്കുറിച്ച് അങ്ങനെ തോന്നിയിട്ടേയില്ല.”. അബീദര്‍റ് പറഞ്ഞു ”ഞാനിതാ മക്കയിലേക്ക് പുറപ്പെടുകയാണ്. ഞാന്‍ അദ്ദേഹത്തെക്കണ്ട് തിരിച്ച് വരുന്നത് വരെ എന്റെ കുടുംബത്തെയും വീടിനെയും നീ സംരക്ഷിക്കുക” അനീസ് സസന്തോഷം എല്ലാം ഏറ്റെടുത്തു. അങ്ങനെ അബീദര്‍റ് പ്രവാചകനെ കാണാന്‍ വേണ്ടി മക്കയിലേക്ക് പുറപ്പെട്ടു. മരുഭൂമിയിലെ മണല്‍കാറ്റത്ത് അദ്ദേഹം തന്റെ വാഹനപ്പുറത്ത് മക്കയെ ലക്ഷ്യമാക്കി സഞ്ചരിച്ചു. മഞ്ഞുപൈത ആ രാത്രിയില്‍ ഉദിച്ച നിലാവിനെ നോക്കി അദ്ദേഹം മയക്കത്തിലേക്ക് വഴുതിവീണു. പ്രഭാതമായപ്പോഴേക്കും അദ്ദേഹം മക്കയില്‍ എത്തിച്ചേര്‍ന്നു. തന്റെ പുതപ്പും മൂടിക്കൊണ്ടായിരുന്നു അദ്ദേഹം സഞ്ചരിച്ചിരുന്നത്. വഴിയില്‍ കാണുന്നവരൊക്കെ മുഹമ്മദ് നബിയെ ആക്ഷേപിക്കുന്നതായിട്ടാണ് അദ്ദേഹം കണ്ടത്. തങ്ങളുടെ ദൈവത്തെ എതിര്‍ത്ത മുഹമ്മദിനെ അവര്‍ പഴിച്ചു. അതിനാല്‍തന്നെ ആ ജനതയോട് മുഹമ്മദിനെക്കുറിച്ച് ചോദിക്കാന്‍ പോലും അദ്ദേഹം ഭയപ്പെട്ടു. സൂര്യന്‍ അസ്തമിക്കാനൊരുങ്ങി അബീദര്‍റ് മെല്ലെ അടുത്തു കണ്ട പള്ളിയിലേക്ക് നീങ്ങി. അവിടെ ചെന്ന് കിടന്നു. ആ സമയത്താണ് അലി(റ) അതുവഴി വന്നത്. അസമയത്ത് ഇവിടെ വന്നു കിടക്കുന്നത് വിദൂരദേശത്ത് നിന്നും വന്ന യാത്രക്കാരനാണെന്ന് ഒറ്റനോട്ടത്തില്‍ തന്നെ അലി (റ) മനസ്സിലാക്കി. അലി(റ) അയാളെ തന്റെ വീട്ടിലേക്ക് ക്ഷണിച്ചു. അങ്ങനെ അദ്ദേഹം അലിയുടെ വീട്ടില്‍ രാപ്പാര്‍ത്തു. പ്രഭാതത്തില്‍ അയാള്‍ തന്റെ ഭാണ്ഢവുമെടുത്ത് പുറത്തിറങ്ങി. അന്നേ ദിവസം അവര്‍ ഒന്നും സംസാരിച്ചിരുന്നില്ല. പിറ്റേദിവസവും അബീദര്‍റ് അലി(റ)വിന്റെ വീട്ടില്‍ രാപ്പാര്‍ത്തു, അന്നും പക്ഷേ അവര്‍ പരസ്പരം സംസാരിച്ചില്ല. മുന്നാം ദിവസം രാത്രി അലി(റ) അദ്ദേഹത്തോടായി ചോദിച്ചു. ”അല്ലയൊ സഹോദരാ താങ്കള്‍ മൂന്ന് ദിവസമായല്ലൊ ഇവിടെ വന്നിട്ട് ഇതുവരെ താങ്കള്‍ ഒന്നും സംസാരിച്ചിട്ടുമില്ല. താങ്കളുടെ ആഗമനോദ്യേശ്യം അറിയിച്ചാലും”അബീദര്‍റ് പറഞ്ഞു. ”താങ്കള്‍ എനിക്ക് എന്റെ സംരക്ഷണം ഉറപ്പ് നല്‍കുകയാണെങ്കില്‍ ഞാന്‍ വന്നകാര്യം അറിയിക്കാം.” അലി (റ) ഉറപ്പ് നല്‍കി അങ്ങനെ അബീദര്‍റ് നബിയെക്കാണാനാണ് ഞാന്‍ ഇവിടെയെത്തിയതെന്ന തന്റെ ആഗമനോദ്യശ്യം വെളിപ്പെടുത്തി. ഇത് കേട്ട അലി (റ)അത്യധികം സന്തോഷിച്ചു. അലി റ പറഞ്ഞു ”നിങ്ങളന്വേശിക്കുന്ന പ്രവാചകനെ ഞാന്‍ കാണിച്ച് തരാം, നാളെ രാവിലെ നിങ്ങള്‍ എന്റെ കൂടെ വന്നാല്‍ മതി”. പിറ്റേന്ന് പ്രഭാതത്തില്‍ അലിയും അബീദര്‍റും കൂടി പ്രവാചക സന്നിധിയിലേക്ക് പുറപ്പെട്ടു. അവര്‍ അല്ലാഹുവിന്റെ റസൂലിന്റെ സന്നിധിയിലെത്തി. അബീദര്‍റും പ്രവാചകനും സംസാരിച്ചു. പ്രവാചകന്‍(സ) ഇസ്ലാമിനെക്കുറിച്ചും തൗഹീദിനെക്കുറിച്ചും അദ്ദേഹത്തിന് വിവരിച്ച് കൊടുത്തു, പരിശുദ്ധ ഖുര്‍ആന്റെ സൂക്തങ്ങളും നബിതങ്ങള്‍ അബീദര്‍റിനി ഓതിക്കേള്‍പ്പിച്ചു, പിന്നെ താമസിച്ചില്ല. അബീദര്‍റുല്‍ഗിഫാരി എന്ന മനുശ്യന്‍ ഇസ്ലാമിന്റെ സുന്ദരതീരത്തേക്ക് കടന്നു വന്നു.
ഇസ്ലാം സ്വീകരിച്ച് അബീദര്‍റ് നബിയുടെ ഏറ്റവും അടുത്ത ശിഷ്യനായിത്തീര്‍ന്നു. നബിതങ്ങളില്‍നിന്നും ധാരാളം കാര്യങ്ങള്‍ അദ്ദേഹം പഠിച്ചറിഞ്ഞു. നബിതങ്ങള്‍ അദ്ദേഹത്തോട് തന്റെ വിശ്വാസം പരസ്യമാക്കാതെ നോക്കാന്‍ നിര്‍ദേശിച്ചു. എന്നാല്‍ അബൂദര്‍റ് (റ) പറഞ്ഞു ”അല്ലാഹു കൂടെയുള്ളിടത്തോളം നാം ആരെ ഭയക്കാനാണ്” അങ്ങനെ അദ്ദേഹം കഅ്ബയുടെ ചോട്ടില്‍ ചെന്നു തന്റെ ഇസ്ലാമാശ്ലേഷണത്തെക്കുറിച്ച് പരസ്യമായി പ്രഖ്യാപിച്ചു. ഇത് കേട്ട ഖുറൈശികളുടെ ദേശ്യം ആളിക്കത്തി അവര്‍ അദ്ദേഹത്തെ ക്രൂരമായി മര്‍ദ്ധിച്ചു. പെട്ടെന്നാണ് അവര്‍ക്കിടയിലേക്ക് അബ്ദില്ലാഹിബ്‌നു അബ്ദില്‍ മുത്വലിബ് കടന്നു വന്നത്. അദ്ദേഹം അബീദര്‍റിനെ എഴുന്നേല്‍പ്പിച്ച് കൊണ്ട് ഖുറൈശികളോടായി പറഞ്ഞു. ”ഇതാരാണെന്നറിയുമോ നിങ്ങള്‍ കച്ചവടത്തിനായി പോകുന്ന വാദ്ധാനിലെ ഗിഫാര്‍ ഗോത്രത്തിലെ പ്രമുഖനാണിയാള്‍.” അതോടെ ഖുറൈശികള്‍ ഓരോരുത്തരായി സ്ഥലം വിട്ടു. അബീദര്‍റ് (റ) നേരെ നബി സ തങ്ങളുടെ സന്നിധിയില്‍ ചെന്നു, അദ്ദേഹത്തെക്കണ്ട നബിതങ്ങള്‍ പറഞ്ഞു. ”ഞാന്‍ നിന്നോട് ഇത് വേണ്ടെന്ന് പറഞ്ഞതല്ലെ.” ധീരനായ ആ സ്വഹാബി പറഞ്ഞു ”എന്റെ ജീവിതത്തിന്റെ ഏറ്റവും വലിയ മോഹമായിരുന്നു നബിയെ ഈ സഹം.”
ഒരുദിവസം നബിതങ്ങള്‍ അബീദര്‍റിനോട് പറഞ്ഞു. ”നീ നിന്റെ സമൂഹത്തില്‍ ചെന്ന് അവരെക്കൂടി ഇസ്ലാമിലേക്ക് ക്ഷണിക്കുക, അല്ലാഹു നിന്നെക്കൊണ്ട് അവരില്‍ മാറ്റം ഉണ്ടാക്കാതിരിക്കില്ല, അതു കാരണത്താല്‍ നീ ഉന്നതിയിലെത്തുകയും ചെയ്യും.” പിന്നെ ഒട്ടും താമസിച്ചില്ല അബൂദര്‍റ് റ പ്രവാചകന്റെ കല്‍പനയനുസരിച്ച് തന്റെ നാട്ടിലേക്ക് തിരിച്ചു. അബീദര്‍റ്(റ) ആദ്യമായി തന്റെ സഹോദരന്‍ അനീസിനോട് തന്റെ ഇസ്ലാമാശ്ലേഷണത്തെക്കുറിച്ച് പറഞ്ഞു , പിന്നെ താമസിച്ചില്ല അനീസും ഇസ്ലാമിലേക്ക് കടന്നു വന്നു. പിന്നീട് തന്റെ ഗോത്രക്കാരോടായി അദ്ദേഹം തന്റെ വിശ്വാസത്തെ ക്കുറിച്ച് പറഞ്ഞു. യാതൊരു മടിയും കൂടാതെ അവരും ഇസ്ലാമിന്റെ സുന്ദര തീരത്തേക്ക് കടന്നു വന്നു. എന്നാല്‍ ചെറിയൊരു വിഭാഗം ഇസ്ലാം സ്വീകരിക്കുന്നതില്‍നിന്ന് മാറി നിന്നു വെങ്കിലും പിന്നീട് ഹിജ്‌റക്ക് ശേഷം അവര്‍ ഇസ്ലാം സ്വീകരിക്കുകയും ചൈതു. പിന്നീട് കുറച്ച് കാലം അബീദര്‍റ് (റ) തന്റെ ജനതയ്ക്ക് ഇസ്ലാം പഠിപ്പിച്ച് കൊണ്ട് അവിടെത്തന്നെ ക്കഴിച്ച് കൂട്ടി. ബദ്‌റും ഉഹ്ദും കഴിഞ്ഞ് പോയി അതിന് ശേഷം അദ്ദേഹം നബിയുടെ സഹവാസം ആഗ്രഹിച്ച് കൊണ്ട് മദീനയിലെത്തി നബിതങ്ങളുടെ പരിചാരകനായി കഴിച്ചുകൂട്ടി. എന്നാല്‍ പ്രവാചകന്റെ വഫാത്തിന്റെ ശേഷം അദ്ദേഹത്തിന് പ്രവാചകനില്ലാത്ത മദീന വളരെ ദുഃഖമുള്ളതായി അനുഭവപ്പെട്ടു. അങ്ങനെ അദ്ദേഹം ശാമിലെ താഴ്‌വാരത്തിന് സമീപം താമസമാരംഭിച്ചു. അബൂബക്കര്‍ റ ഉമര്‍ റ എന്നിവരുടെ കാലഘട്ടത്തിലും അദ്ദേഹം അവിടെത്തന്നെ കഴിച്ചുകൂട്ടി പിന്നീട് ഉസ്മാന്‍ റ കാലത്ത് അദ്ദേഹം ഡമസ്‌കസില്‍ ചെന്ന് അവിടുത്തുകാര്‍ക്ക് ഇസ്ലാ#ം പഠിപ്പിച്ചു. തുടര്‍ന്ന് ഉസ്മാന്‍ റ നിര്‍ബന്ധപ്രകാരം മദീനയിലെത്തി. എന്നാല്‍ പ്രവാചകനില്ലാത്ത മദീന അദ്ദേഹത്തെ വീണ്ടും അസ്വസ്ഥനാക്കാന്‍ തുടങ്ങി . അങ്ങനെ അദ്ദേഹം ഉസ്മാന്‍ റ വിന്റെ സമ്മതപ്രകാരം മദീനയുടെ പ്രാന്തപ്രദേശങ്ങളില്‍ പെട്ട റബദ എന്ന സ്ഥലത്ത് താമസമാക്കി. അന്ത്യം വരേക്കും അവിടെത്തന്നെ അദ്ദേഹം കഴിച്ചു കൂട്ടി. ഹിജ്‌റ ഇരുപത്തിമൂന്നാം വര്‍ഷം അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു. അല്ലാഹു അവരോടൊപ്പം നമ്മെയും സ്വര്‍ഗത്തില്‍ ഒരുമിച്ചു കൂട്ടുമാറാകട്ടെ. ആമീന്‍……

Comments

Popular posts from this blog

മഹാനായ അലി (റ അ)ചരിത്രം

മുത്തുനബി (സ)യുട കുട്ടിക്കാലം

മൂസാ നബി (അ) ചരിത്രം ഒരു ലഘു വിവരണം