ഉമറുബ്നുല്‍ഖത്വാബ്
ആദ്യകാലത്ത് പുതിയ മതത്തിന്റെ (ഇസ്ലാമിന്റെ) കഠിനശത്രുവായിരുന്നു ഉമര്‍. ‘ധീരനും സമര്‍ഥനുമായ ഉമര്‍ ഇസ്ലാമിലേക്ക് വന്നിരുന്നു എങ്കില്‍’ എന്ന് നബി ആഗ്രഹിച്ചു. നബി ദൈവത്തോട് പ്രാര്‍ഥിച്ചു: “രണ്ടാലൊരു ഉമറിനെ നല്‍കി നീ മുസ്ലിംകള്‍ക്ക് ശക്തി നല്‍കേണമേ നാഥാ”. ഖത്വാബിന്റെ മകന്‍ ഉമറിനെ അല്ലെങ്കില്‍ ഉമറുബ്നു ഹിഷാമിനെ (പിന്നീട് അബൂജഹ്ല്‍ എന്ന പേരില്‍ കുപ്രസിദ്ധനായത് ഇദ്ദേഹമായിരുന്നു) ഇസ്ലാമിലേക്ക് മാര്‍ഗദര്‍ശനം ചെയ്യണമെന്നാണ് നബി ഉദ്ദേശിച്ചത്.
ഉമര്‍ ഇസ്ലാമിലേക്ക്
ഒരു ദിവസം കൈയ്യില്‍ ഒരു വാളുമായി ഉമര്‍ പുറപ്പെട്ടു. നബിയെ വധിക്കുകയായിരുന്നു ലക്ഷ്യം. യാത്രാമധ്യേ തന്റെ സഹോദരി ഫാത്വിമയും ഭര്‍ത്താവും ഇസ്ലാം സ്വീകരിച്ചവിവരം ഉമര്‍ അറിഞ്ഞു. ഒട്ടും താമസിച്ചില്ല. സഹോദരിയുടെ ഭവനത്തിലേക്ക് ഉമര്‍ പാഞ്ഞു. ഖബ്ബാബ്(റ) ഫാത്വിമക്കും ഭര്‍ത്താവ് സഈദിനും ഖുര്‍ആന്‍ പാരായണം ചെയ്തു കേള്‍പ്പിക്കുകയാണ്. ഖുര്‍ആന്‍ എഴുതിയ ഫലകം നോക്കി ഫാത്വിമ പാരായണം ചെയ്യുന്നു. ഉമര്‍ പുറത്തുനിന്ന് അത് കേട്ടു. പെട്ടന്ന് ഉമര്‍ വാതിലില്‍ മുട്ടി. ഫാത്വിമ ഖുര്‍ആന്‍ എഴുതിയ ഫലകം ഒളിപ്പിച്ചുവെച്ചു. ഖബ്ബാബ് ഉമറിന്റെ ദൃഷ്ടിയില്‍ പെടാതെ മാറിനിന്നു. വാതില്‍ തുറക്കപ്പെട്ടു. ഉമര്‍ ശരവേഗത്തില്‍ മുറിക്കുള്ളില്‍ കടന്നു. ‘എന്താണ് ഇവിടെ കേട്ടത്?’ ഉമര്‍ അട്ടഹസിച്ചു. ആരും ഒന്നും പറഞ്ഞില്ല.
ഉമര്‍ സഈദിനു നേരെ തിരിഞ്ഞു. ‘നിങ്ങള്‍ ആ മുഹമ്മദിന്റെ മതത്തില്‍ ചേര്‍ന്നതായറിഞ്ഞു.’ സഈദിന്റെ മുഖത്ത് ഉമറിന്റെ കൈ ആഞ്ഞുപതിച്ചു. തടയാന്‍ ശ്രമിച്ച ഫാത്വിമക്കും അടികിട്ടി.
ഫാത്വിമ ഉറച്ചസ്വരത്തില്‍ പറഞ്ഞു: ‘നിങ്ങള്‍ തോന്നിയത് ചെയ്തുകൊള്ളുക. ഞങ്ങള്‍ അല്ലാഹുവിലും അവന്റെ റസൂലിലും വിശ്വസിച്ചിരിക്കുന്നു.’
ഉമര്‍ അവരുടെ മുഖത്തേക്ക് തുറിച്ചു നോക്കി. അടികൊണ്ട് രക്തം വാര്‍ന്നൊലിക്കുന്ന മുഖം. എന്നിട്ടും ആ മുഖത്തുകാണുന്ന നിശ്ചയദാര്‍ഢ്യം! കോപം അടങ്ങിയ ഉമര്‍ ഖുര്‍ആന്‍ എഴുതിയ ഫലകം ആവശ്യപ്പെട്ടു. ഫ്വാത്വിമ ഉമറിനോട് ശുദ്ധിയായി വരുവാന്‍ ആവശ്യപ്പെട്ടു. അതനുസരിച്ച് ഉമര്‍ വന്നപ്പോള്‍ ഖുര്‍ആന്‍ എഴുതിയ ഫലകം നല്‍കി. ഉമര്‍ ആ ഖുര്‍ആന്‍ വചനം വായിച്ചു. സൂറഃ ത്വാഹയിലെ വചനങ്ങള്‍. ഉമര്‍ ചിന്തിച്ചു. എന്താണതിന്റെ പൊരുള്‍?
“ത്വാഹാ, താങ്കള്‍ പ്രയാസപ്പെടുന്നതിനുവേണ്ടിയല്ല നാം താങ്കള്‍ക്ക് ഈ ഖുര്‍ആന്‍ അവതരിപ്പിച്ചത്. ഇത് (അല്ലാഹുവെ) ഭയപ്പെടുന്നവര്‍ക്ക് ഉല്‍ബോധനം മാത്രം. ഭൂമിയും അത്യുന്നതങ്ങളായ ആകാശങ്ങളും സൃഷ്ടിച്ചവനില്‍നിന്ന് അവതീര്‍ണമായത്.” ഉമര്‍ വീണ്ടും വീണ്ടും വായിച്ചു.
ഉമര്‍ ചിന്തിച്ചു! ആഴത്തില്‍ ചിന്തിച്ചു!! എത്ര മനോഹരമാണീ വാക്യങ്ങള്‍!! തീര്‍ച്ചയായും ഇത് ലോക സ്രഷ്ടാവായ അല്ലാഹുവിന്റെ വചനം തന്നെ!!
ഉമര്‍ പിന്നീട് അവിടെ നിന്നില്ല. വളരെ വേഗം ദാറുല്‍അര്‍ഖം ലക്ഷ്യമാക്കി നടന്നു. അവിടെയായിരുന്നു നബിയും സഖാക്കളും സമ്മേളിച്ചിരുന്നത്. ഊരിപ്പിടിച്ച വാളുമായി പാഞ്ഞുവരുന്ന ഉമറിനെക്കണ്ട് സ്വഹാബികള്‍ ജാഗ്രത പൂണ്ടു. ‘ഉമര്‍ വന്നുകൊള്ളട്ടെ. നല്ല ഉദ്ദേശ്യത്തോടെയാണ് വരുന്നതെങ്കില്‍ അയാള്‍ക്ക് നല്ലത്. അല്ലെങ്കില്‍ ഇതാ ഈ വാളുകൊണ്ട് ആ കഴുത്ത് ഞാനരിയും.’ ഹംസ(റ) സ്വഹാബികളോട് ഇപ്രകാരം പറഞ്ഞ് തയ്യാറായിനിന്നു.
നബിയുടെ സമീപത്ത് ചെല്ലുവാന്‍ ഉമറിന് അനുവാദം ലഭിച്ചു. അദ്ദേഹത്തിന്റെ വസ്ത്രത്തില്‍ പിടിച്ചുകൊണ്ട് നബി ചോദിച്ചു: ‘ഉമര്‍, എന്തുദ്ദേശ്യത്തോടുകൂടിയാണ് താങ്കളുടെ വരവ്?’
ഉമര്‍ വിനയാന്വിതനായി പ്രതിവചിച്ചു: ‘സത്യവിശ്വാസം സ്വീകരിക്കുവാനാണ് ഞാന്‍ വന്നിട്ടുള്ളത്’
‘അല്ലാഹു അക്ബര്‍! അല്ലാഹുഅക്ബര്‍!’ (ദൈവം വലിയവന്‍, ദൈവം വലിയന്‍) സ്വഹാബികളുടെ കണ്ഠങ്ങളില്‍നിന്ന് അല്ലാഹുവിനെ സ്തുതിച്ചുകൊണ്ടുള്ള തക്ബീര്‍ധ്വനികള്‍ മുഴങ്ങി. സന്തോഷാശ്രുക്കള്‍ പൊഴിച്ച് അവര്‍ ഉമറിനെ ആശ്ളേഷിച്ചു.
ഉമര്‍ തന്റെ ധന്യജീവിതം ദൈവികമാര്‍ഗത്തില്‍ സമര്‍പ്പിച്ചു. അദ്ദേഹം ഇസ്ലാം ആശ്ളേഷിച്ചത് കാട്ടുതീപോലെ മക്കയില്‍ പ്രചരിച്ചു. മക്കയില്‍ മുസ്ലിംകളുടെ ആത്മവീര്യം വര്‍ദ്ധിക്കാന്‍ ഇത് ഏറെ സഹായകമായി. അന്ന് ഖുറൈശികളില്‍ ഉമറിനെ വെല്ലാന്‍ ആരുമുണ്ടായിരുന്നില്ല. അദ്ദേഹം കഅ്ബയില്‍ ചെന്ന് പരസ്യമായി നമസ്കരിച്ചു. സത്യവിശ്വാസികളുടെ ശക്തിയും എണ്ണവും വര്‍ധിക്കാന്‍ ഉമറിന്റെ ധീരമായ പ്രവര്‍ത്തനങ്ങള്‍ സഹായിച്ചു.
നബിയും സ്വഹാബികളും മക്കയില്‍നിന്ന് മദീനയിലേക്ക് ഹിജ്റ ചെയ്തത് ഏറെക്കുറെ രഹസ്യഭാവത്തോടുകൂടിയായിരുന്നു. എന്നാല്‍ ഉമര്‍ പരസ്യമായാണ് മദീനയിലേക്ക് യാത്രയായത്. മദീനയിലേക്ക് പോകുന്നതിനുമുമ്പ് അദ്ദേഹം കഅ്ബയില്‍ പോയി ഏഴുപ്രാവശ്യം ത്വവാഫ് ചെയ്തു. മഖാമുഇബ്രാഹീമില്‍ നമസ്കരിച്ചു. അവിടെയുണ്ടായിരുന്ന മുശ്രിക്കുകളോട് അദ്ദേഹം പറഞ്ഞു: ‘ഞാനിതാ മദീനയിലേക്കു പുറപ്പെടുന്നു. ആരുടെയെങ്കിലും ഉമ്മക്ക് മകന്‍ നഷ്ടപ്പെടണമെങ്കില്‍, ആരുടെയെങ്കിലും മക്കള്‍ക്ക് പിതാവില്ലാതാകണമെങ്കില്‍, ആരുടെയെങ്കിലും ഭാര്യമാര്‍ക്ക് ഭര്‍ത്താവില്ലാതാവണമെങ്കില്‍ ഈ താഴ്വരക്കപ്പുറത്ത് എന്നെ തടയാന്‍ വരട്ടെ.’ അദ്ദേഹത്തെ തടയാന്‍ ആര്‍ക്കും ധൈര്യമുണ്ടായില്ല. ധീരനായ ഉമര്‍ അങ്ങനെ മദീനയിലേക്കു ഹിജ്റ ചെയ്തു. നബിയോടൊപ്പം എല്ലാ യുദ്ധങ്ങളിലും മുന്നണിപ്പോരാളിയായി അദ്ദേഹം പങ്കെടുത്തിരുന്നു.
നബിയുടെ സന്തതസഹചാരിയായ പ്രതിഭാശാലി
മദീനയില്‍ നബിയുടെ സന്തതസഹചാരിയായിരുന്നു ഉമര്‍. ഖുര്‍ആന്‍ ഹൃദിസ്ഥമാക്കാനും കാര്യങ്ങള്‍ കേട്ടുപഠിക്കാനും അദ്ദേഹം അത്യധികം ഉത്സാഹം കാണിച്ചു. ഭരണപരമായ കാര്യങ്ങളില്‍ നബി ഉമറിനോടഭിപ്രായം ചോദിക്കാറുണ്ടായിരുന്നു. ഉമറിന്റെ അഭിപ്രായം ശരിവെച്ചുകൊണ്ട് പലപ്പോഴും ഖുര്‍ആന്‍ അവതരിക്കുകയുണ്ടായി. ‘ഉമറിന്റെ നാവിലും ഹൃദയത്തിലും അല്ലാഹു സത്യത്തെ കുടിയിരുത്തിയിട്ടുണ്ട് എന്ന നബിയുടെ പ്രസ്താവന അദ്ദേഹത്തിന്റെ ഉന്നതമായ വ്യക്തിത്വത്തിന്റെ നിദര്‍ശനമാണ്. നബിയുമായുള്ള നിരന്തരസഹവാസവും അറിവുനേടാന്‍ കാണിച്ച ജാഗ്രതയും ശുഷ്കാന്തിയും ബുദ്ധിവൈഭവവും കാരണം ഖുര്‍ആന്റെ ആഴവും അര്‍ഥവും നന്നായി ഉള്‍ക്കൊള്ളാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.
സമ്പത്ത് ദൈവത്തിന്റെ മാര്‍ഗത്തില്‍
ഉമര്‍ സമ്പത്ത് ഇസ്ലാമിനുവേണ്ടി ചെലവഴിക്കുന്നതില്‍ അതിയായ താല്‍പര്യം കാണിച്ചു. തബൂക്ക് യുദ്ധത്തിനുവേണ്ടി നബി വിഭവങ്ങള്‍ സമാഹരിച്ചപ്പോള്‍ സമ്പത്തിന്റെ പകുതിയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ദാനം ചെയ്ത് ഉമര്‍ മാതൃക കാണിച്ചു.

നബിയുടെ മരണത്തെത്തുടര്‍ന്ന് പുതിയ നേതൃത്വത്തെ തിരഞ്ഞെടുക്കുവാന്‍ മുന്‍കൈയെടുത്തത് ഉമറായിരുന്നു. ഒന്നാം ഖലീഫയായി അബൂബക്കറിനെ തിരഞ്ഞെടുക്കുവാന്‍ അദ്ദേഹമാണ് നിര്‍ദേശിച്ചത്. അബൂബക്കര്‍ സിദ്ദീഖിന്റെ ഭരണകാലത്ത് ഭരണപരമായ കാര്യങ്ങളില്‍ ഖലീഫയെ ഉമര്‍ നിരന്തരം സഹായിച്ചുകൊണ്ടിരുന്നു. നാട്ടിലെ അശരണരും ആലംബഹീനരുമായ ആളുകളെ നേരിട്ടുചെന്ന് സഹായിച്ച് ഇസ്ലാമിന്റെ ഉന്നതവും മഹനീയവുമായ മാതൃക സൃഷ്ടിച്ച ഉമര്‍ മാനവചരിത്രത്തില്‍ എന്നും നിറഞ്ഞുനില്‍ക്കുന്നു. മുസ്ലിംകളല്ലാത്ത രാജ്യനിവാസികളോട് തികഞ്ഞ സഹിഷ്ണുതയോടെയും സ്നേഹത്തോടെയും പെരുമാറി ജനങ്ങള്‍ക്ക് മാതൃകയായി. ഇക്കാരണങ്ങളാല്‍ ഖലീഫയാകുന്നതിന്റെ മുമ്പുതന്നെ ഇസ്ലാമിന്റെ ഉദാത്തമായ മാതൃകയാകുവാന്‍ അദ്ദേഹത്തിനുകഴിഞ്ഞു. അബൂബക്കര്‍ സിദ്ദീഖിന്റെ അന്ത്യസമയത്ത് തന്റെ പിന്‍ഗാമിയെ കണ്ടെത്താന്‍ ഖലീഫക്കും സ്വഹാബികള്‍ക്കും ഏറെ ചിന്തിക്കേണ്ടിവന്നില്ല. അബൂബക്കറിന്റെ തീരുമാനം ജനങ്ങള്‍ ഏകകണ്ഠമായി അംഗീകരിക്കുകയായിരുന്നു.

നബിയുടെ മരണത്തെത്തുടര്‍ന്ന് പുതിയ നേതൃത്വത്തെ തിരഞ്ഞെടുക്കുവാന്‍ മുന്‍കൈയെടുത്തത് ഉമറായിരുന്നു. ഒന്നാം ഖലീഫയായി അബൂബക്കറിനെ തിരഞ്ഞെടുക്കുവാന്‍ അദ്ദേഹമാണ് നിര്‍ദേശിച്ചത്. അബൂബക്കര്‍ സിദ്ദീഖിന്റെ ഭരണകാലത്ത് ഭരണപരമായ കാര്യങ്ങളില്‍ ഖലീഫയെ ഉമര്‍ നിരന്തരം സഹായിച്ചുകൊണ്ടിരുന്നു. നാട്ടിലെ അശരണരും ആലംബഹീനരുമായ ആളുകളെ നേരിട്ടുചെന്ന് സഹായിച്ച് ഇസ്ലാമിന്റെ ഉന്നതവും മഹനീയവുമായ മാതൃക സൃഷ്ടിച്ച ഉമര്‍ മാനവചരിത്രത്തില്‍ എന്നും നിറഞ്ഞുനില്‍ക്കുന്നു. മുസ്ലിംകളല്ലാത്ത രാജ്യനിവാസികളോട് തികഞ്ഞ സഹിഷ്ണുതയോടെയും സ്നേഹത്തോടെയും പെരുമാറി ജനങ്ങള്‍ക്ക് മാതൃകയായി. ഇക്കാരണങ്ങളാല്‍ ഖലീഫയാകുന്നതിന്റെ മുമ്പുതന്നെ ഇസ്ലാമിന്റെ ഉദാത്തമായ മാതൃകയാകുവാന്‍ അദ്ദേഹത്തിനുകഴിഞ്ഞു. അബൂബക്കര്‍ സിദ്ദീഖിന്റെ അന്ത്യസമയത്ത് തന്റെ പിന്‍ഗാമിയെ കണ്ടെത്താന്‍ ഖലീഫക്കും സ്വഹാബികള്‍ക്കും ഏറെ ചിന്തിക്കേണ്ടിവന്നില്ല. അബൂബക്കറിന്റെ തീരുമാനം ജനങ്ങള്‍ ഏകകണ്ഠമായി അംഗീകരിക്കുകയായിരുന്നു.
റോം കീഴടങ്ങുന്നു
ഖലീഫ അബൂബക്കര്‍ സിദ്ദീഖ് മരണപ്പെടുന്ന സമയം യര്‍മൂഖില്‍ ഖാലിദ്ബ്നുല്‍ വലീദിന്റെ നേതൃത്വത്തില്‍ റോമന്‍ സൈന്യവുമായി നിര്‍ണായക യുദ്ധം നടക്കുകയായിരുന്നു. മുസ്ലിം സൈന്യത്തിന്റെ വിജയവാര്‍ത്ത അറിഞ്ഞശേഷമായിരുന്നു ഖലീഫയുടെ അന്ത്യം. ആത്മവീര്യം നഷ്ടപ്പെടാതെ ശത്രുക്കളെ തുരത്തുവാന്‍ ഖലീഫയായി ചുമതലയേറ്റ ഉടനെ ഉമര്‍ സൈന്യത്തിന് നിര്‍ദേശം നല്‍കി. യര്‍മൂഖ് വിജയത്തെത്തുടര്‍ന്ന് റോമാ ചക്രവര്‍ത്തി ഹിര്‍ഖല്‍ കോണ്‍സ്റാന്റിനോപ്പിളിലേക്ക് പലായനം ചെയ്തു. മുസ്ലിം സൈന്യം ശാമിലേക്ക്(സിറിയ) പടയോട്ടം ആരംഭിച്ചു. അബൂഉബൈദയായിരുന്നു സൈന്യാധിപന്‍. ചരിത്രപസിദ്ധമായ ബൈതുല്‍ മഖ്ദിസ് മുസ്ലിം ആധിപത്യത്തിലായത് ഇതിനെത്തുടര്‍ന്നായിരുന്നു.
ക്രൈസ്തവര്‍ സൈനികമായി പരാജയപ്പെട്ടെങ്കിലും ഖലീഫ നേരിട്ടുവന്നാല്‍ മാത്രമേ ബൈതുല്‍ മഖ്ദിസ് വിട്ടുതരികയുള്ളൂ എന്ന് അവിടുത്തെ ഭരണാധികാരികള്‍ ശഠിച്ചു. ഉപരോധം മൂലം പൊറുതിമുട്ടിയ ക്രിസ്ത്യാനികള്‍ മുന്നോട്ടുവെച്ച നിര്‍ദേശം രക്തച്ചൊരിച്ചില്‍ ഒഴിവാക്കാന്‍ വേണ്ടി മുസ്ലിംകള്‍ അംഗീകരിച്ചു. ഖലീഫ മദീനയില്‍നിന്ന് യാത്രചെയ്ത് ബൈതുല്‍മഖ്ദിസിലെത്തി. സാധാരണക്കാരന്റെ വേഷത്തിലെത്തിയ ഖലീഫ മോടിയുള്ള വസ്ത്രം ധരിക്കണമെന്ന് മുസ്ലിംകളില്‍ ചിലര്‍ താല്‍പര്യപ്പെട്ടു. പക്ഷേ, ഉമറിന്റെ മറുപടി ഇപ്രകാരമായിരുന്നു: ‘വസ്ത്രത്തിലല്ല, ഇസ്ലാമിലാണ് നമ്മുടെ പ്രതാപം.’ ഖലീഫ ബൈതുല്‍മഖ്ദിസില്‍ പ്രവേശിച്ചു. ക്രിസ്ത്യന്‍ നേതാക്കളുമായി സംസാരിച്ചു. ഖുദ്സ് നിവാസികള്‍ക്ക് സ്വന്തം കൈപ്പടയില്‍തന്നെ അദ്ദേഹം സംരക്ഷണപത്രം എഴുതിക്കൊടുത്തു. അങ്ങനെ സിറിയയും ഫലസ്തീനും സമീപ പ്രദേശങ്ങളും ഇസ്ലാമിന് അധീനമായി.
ഖാദിസിയ്യ
പേര്‍ഷ്യന്‍ സാമ്രാജ്യം അധീനമായത് ചരിത്രപ്രസിദ്ധമായ ഖാദിസിയ്യാ യുദ്ധത്തോടുകൂടിയാണ്. ഇറാഖില്‍ ടൈഗ്രീസ് നദിക്കക്കരെ ഖാദിസിയ്യ എന്ന സമതല പ്രദേശത്തുവെച്ച് ഹിജ്റ 15 നും 16 നും ഇടയ്ക്ക് നടന്ന യുദ്ധത്തില്‍ സഅ്ദ് ബ്നു അബീവഖാസ് ആയിരുന്നു മുസ്ലിം സൈന്യത്തിന്റെ അധിപന്‍ . പേര്‍ഷ്യന്‍ സൈന്യത്തിന്റെ നേതൃത്വം പ്രസിദ്ധയോദ്ധാവായ റുസ്തമിനായിരുന്നു. മുസ്ലിംകളുടെ ഭാഗത്ത് മുപ്പതിനായിരത്തോളം സൈനികര്‍ ഉണ്ടായിരുന്നു. അതിന്റെ ഇരട്ടിയിലധികമായിരുന്നു പേര്‍ഷ്യന്‍ സൈന്യം. ഖാദിസിയ്യാ യുദ്ധവിജയത്തെ തുടര്‍ന്ന് പേര്‍ഷ്യന്‍ തലസ്ഥാനമായ മദാഇന്‍ ഇസ്ലാമിന് കീഴടങ്ങി.
ഫത്ഹുല്‍ ഫുതൂഹ്
പേര്‍ഷ്യന്‍ ചക്രവര്‍ത്തി യസ്ദര്‍ജിര്‍ദ് മൂന്നാമന്‍ ഇസ്ലാമിക രാഷ്ട്രത്തിനെതിരായി ഒരു യുദ്ധത്തിന് ശ്രമം നടത്തി. ഇറാഖിന്റെയും ഇറാന്റെയും അതിര്‍ത്തിയിലുള്ള നഹാവന്ത് എന്ന സ്ഥലത്തുവെച്ച് നുഅ്മാനുബ്നു മുഖ്രിന്റെ നേതൃത്വത്തില്‍ മുസ്ലിം സൈന്യം പേര്‍ഷ്യന്‍ സൈന്യത്തെ നിശ്ശേഷം പരാജയപ്പെടുത്തി. ഫത്ഹുല്‍ ഫുതൂഹ് (വിജയങ്ങളുടെ വിജയം) എന്ന പേരില്‍ ഈ യുദ്ധം പ്രസിദ്ധമായി. യുദ്ധം വിജയിച്ചെങ്കിലും നുഅ്മാനൂബ്നു മുഖ്രിന്‍ ഈ യുദ്ധത്തില്‍ രക്തസാക്ഷിയായി. തുടര്‍ന്ന് ഇറാന്റെ എല്ലാ പ്രദേശങ്ങളിലേക്കും മുസ്ലിംകള്‍ മുന്നേറി. ഖുറാസാന്‍ വിമോചിപ്പിക്കപ്പെട്ടു. യസ്ദര്‍ജിര്‍ദ് മൂന്നാമന്‍ നാടുവിട്ടു. പേര്‍ഷ്യന്‍സാമ്രാജ്യത്വം ഛിന്നഭിന്നമാകുമെന്ന നബിയുടെ പ്രവചനം പൂര്‍ണമായും യാഥാര്‍ഥ്യമായി ഭവിച്ചു.
ഈജിപ്ത് കീഴടങ്ങുന്നു
ഫലസ്തീന്‍ വിജയത്തിനുശേഷം അംറുബ്നുല്‍ ആസ് സൈന്യത്തെ ഈജിപ്തിലേക്കു നയിച്ചു. ഈജിപ്തിലുണ്ടായിരുന്ന മുസ്ലിംകള്‍ പലവിധ പീഡനങ്ങള്‍ക്കും വിധേയരായിരുന്നു. അവരുടെ മോചനം ലക്ഷ്യം വെച്ച് മുന്നേറിയ അംറുബ്നുല്‍ ആസ് ഈജിപ്തിന്റെ കവാടം എന്നറിയപ്പെടുന്ന ഫര്‍മാപട്ടണം കീഴടക്കി. തുടര്‍ന്ന് നിരന്തരയുദ്ധം നടന്നു. രണ്ടുമൂന്ന് വര്‍ഷം കൊണ്ട് ഈജിപ്ത് പൂര്‍ണമായും മോചിപ്പിക്കപ്പെട്ടു. നൈല്‍ നദീതീരത്ത് ഫുസ്ത്വാത് എന്ന പേരില്‍ ഒരു പുതിയ നഗരവും മുസ്ലിംകള്‍ പടുത്തുയര്‍ത്തി.
ഭരണകൂടങ്ങള്‍ക്കൊരു ഉജ്ജ്വലമാതൃക
ഉമര്‍ പത്തരവര്‍ഷം ഖലീഫയായി ഭരണം നടത്തി. ചുരുങ്ങിയ കാലയളവിനുള്ളില്‍ വിസ്തൃതിയിലും ശക്തിയിലും ആഭ്യന്തര ഭദ്രതയിലും അന്നുവരെ ലോകം കണ്ട ഏറ്റവും വലിയ ഭരണകൂടം അദ്ദേഹം കെട്ടിപ്പടുത്തു. ഭരണസംവിധാനം, പ്രജാക്ഷേമം, നീതിനിര്‍വഹണം, രാജ്യവിസതൃതി ഇവയിലെല്ലാം ശ്രദ്ധനല്‍കി ഖുര്‍ആന്റെ വിധിവിലക്കുകളില്‍ ഊന്നിയ ഉമറിന്റെ ഭരണം പില്‍ക്കാല ഭരണതന്ത്രജ്ഞരും ചിന്തകരും മുക്തകണ്ഠം പ്രശംസിക്കുകയുണ്ടായി.
ലോകത്ത് തുല്യതയില്ലാത്ത നീതിമാനായ ഭരണാധികാരിയായിരുന്നു ഉമര്‍. സത്യവും അസത്യവും വേര്‍തിരിക്കുന്ന ആള്‍ എന്ന അര്‍ഥത്തില്‍ ഫാറൂഖ് എന്ന അപരനാമത്തില്‍ അദ്ദേഹം അറിയപ്പെട്ടു. നീതിയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും അദ്ദേഹം തയ്യാറായിരുന്നില്ല. ലോകാന്ത്യം വരെയുള്ള ഭരണകൂടങ്ങള്‍ക്ക് മാതൃക കൂടിയാണ് ഉമറിന്റെ ഉല്‍കൃഷ്ട ഭരണരീതി. കൊട്ടാരമോ അംഗരക്ഷകരോ ഇല്ലാതെ ലളിത ജീവിതം നയിച്ചു സ്വയം മാതൃക കാണിച്ച ഖലീഫാ ഉമറിന് സ്വന്തമായി ഒരു നല്ല വീടുപോലും ഇല്ലായിരുന്നു. പലപ്പോഴും കീറിയ വസ്ത്രം തുന്നിച്ചേര്‍ത്തായിരുന്നു അദ്ദേഹം ധരിച്ചിരുന്നത്.
ലോകത്ത് തുല്യതയില്ലാത്ത നീതിമാനായ ഭരണാധികാരിയായിരുന്നു ഉമര്‍. സത്യവും അസത്യവും വേര്‍തിരിക്കുന്ന ആള്‍ എന്ന അര്‍ഥത്തില്‍ ഫാറൂഖ് എന്ന അപരനാമത്തില്‍ അദ്ദേഹം അറിയപ്പെട്ടു. നീതിയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും അദ്ദേഹം തയ്യാറായിരുന്നില്ല. ലോകാന്ത്യം വരെയുള്ള ഭരണകൂടങ്ങള്‍ക്ക് മാതൃക കൂടിയാണ് ഉമറിന്റെ ഉല്‍കൃഷ്ട ഭരണരീതി. കൊട്ടാരമോ അംഗരക്ഷകരോ ഇല്ലാതെ ലളിത ജീവിതം നയിച്ചു സ്വയം മാതൃക കാണിച്ച ഖലീഫാ ഉമറിന് സ്വന്തമായി ഒരു നല്ല വീടുപോലും ഇല്ലായിരുന്നു. പലപ്പോഴും കീറിയ വസ്ത്രം തുന്നിച്ചേര്‍ത്തായിരുന്നു അദ്ദേഹം ധരിച്ചിരുന്നത്.
നഗരത്തിലും ഗ്രാമത്തിലും സഞ്ചരിച്ച് ജനങ്ങളുടെ പ്രശ്നങ്ങള്‍ അദ്ദേഹം നേരിട്ട് മനസ്സിലാക്കിയിരുന്നു. യൂഫ്രട്ടീസ് നദീതീരത്ത് ഒരാട്ടിന്‍കുട്ടി പട്ടിണികിടന്നാല്‍ നാളെ അല്ലാഹുവിന്റെ മുമ്പില്‍ താനതിനു സമാധാനം പറയേണ്ടിവരും എന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു.
ഒരിക്കല്‍ ഒരു സ്ത്രീ മകളോട് പാലില്‍ വെള്ളം ചേര്‍ക്കാന്‍ ആവശ്യപ്പെടുകയും മകള്‍ വിസമ്മതിക്കുകയും ചെയ്ത സംഭവം പ്രസിദ്ധമാണ്. ‘ഖലീഫ ഉമര്‍ കാണുകയില്ല. നീ പാലില്‍ വെള്ളം ചേര്‍ക്കുക’ എന്ന മാതാവിന്റെ കല്‍പന തിരസ്കരിച്ചു കൊണ്ട് മകള്‍ പറഞ്ഞു: ‘ ഖലീഫ ഉമര്‍ കാണുകയില്ലെങ്കിലും അല്ലാഹു കാണില്ലേ ഉമ്മാ!’ സംഭവം നേരിട്ട് ഗ്രഹിക്കാനിടയായ ഖലീഫാ ഉമര്‍ ആ പെണ്‍കുട്ടിയുടെ ദൈവഭക്തിയും ഉന്നതമായ മൂല്യബോധവും കണ്ടറിഞ്ഞ് തന്റെ മകനെക്കൊണ്ട് അവളെ വിവാഹം കഴിപ്പിക്കുകയാണുണ്ടായത്.
ഉമറിന്റെ ഭരണകാലത്ത് വാര്‍ദ്ധക്യകാല പെന്‍ഷന്‍, വിധവാ പെന്‍ഷന്‍, ശൈശവ പെന്‍ഷന്‍ തുടങ്ങിയവ രാജ്യനിവാസികള്‍ക്ക് വ്യവസ്ഥാപിതമായി അനുവദിക്കുകയുണ്ടായി. എന്നാല്‍ ശിശുക്കള്‍ക്ക് ആദ്യകാലത്ത് മുലകുടി മാറ്റിയ ശേഷമാണ് സഹായ ധനം അനുവദിച്ചിരുന്നത്. ഒരു രാത്രി അദ്ദേഹം മദീനയില്‍ ചുറ്റി നടക്കുകയായിരുന്നു. ഒരു കുഞ്ഞിന്റെ മാതാവ് പറഞ്ഞു: ‘ഞാന്‍ കുഞ്ഞിന്റെ മുലകുടിമാറ്റാന്‍ ശ്രമിക്കുകയാണ്. മുലകുടി മാറ്റിയശേഷമേ ഖലീഫ ഉമര്‍ കുഞ്ഞുങ്ങള്‍ക്ക് പെന്‍ഷന്‍ അനുവദിക്കുകയുള്ളൂ.’
ഉമര്‍ വളരെ ദുഖിതനായി. തന്റെ നിയമം മൂലം എത്ര കുട്ടികള്‍ മുലപ്പാല്‍ കിട്ടാതെ വിഷമിച്ചിട്ടുണ്ടാകുമെന്ന ചിന്ത ഖലീഫയെ അലട്ടി. അദ്ദേഹം നിയമത്തില്‍ ഭേദഗതി വരുത്തുകയും മുഴുവന്‍ ശിശുക്കള്‍ക്കും സഹായധനം നല്‍കുവാന്‍ ഉത്തരവിടുകയും ചെയ്തു.
ലോകചരിത്രത്തില്‍ ഈ പെന്‍ഷന്‍ വ്യവസ്ഥയ്ക്ക് തുല്യമായ ഭരണപരിഷ്കാരം ഉണ്ടായിട്ടില്ലെന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നു. ഈ പെന്‍ഷന്‍ വ്യവസ്ഥയിലൂടെ ആധുനിക ശൈലിയില്‍ ഒരു ക്ഷേമ രാഷ്ട്രം നിലവില്‍വന്നു.
തരിശായികിടക്കുന്ന ഭൂമി ആരെങ്കിലം കൃഷിയോഗ്യമാക്കിയാല്‍ അത് അവനുള്ളതാണെന്നും കൃഷിഭൂമി മൂന്ന് വര്‍ഷം തരിശായിട്ടാല്‍ അത് ഗവണ്‍മെന്റ് പിടിച്ചെടുത്ത് ഭൂമിയില്ലാത്ത കര്‍ഷകര്‍ക്ക് നല്‍കണമെന്നുമുള്ള നബിയുടെ നിര്‍ദേശം ഉമര്‍ പ്രാവര്‍ത്തികമാക്കി. രാജ്യത്ത് സമൃദ്ധിയും ക്ഷേമവും കളിയാടി.
ഒന്നാം ഖലീഫയെപ്പോലെ ഉമറും പൊതുഖജനാവിലെ ധനം സ്വന്തം ആവശ്യത്തിനുവേണ്ടി ചിലവഴിച്ചിരുന്നില്ല. പൊതുഖജനാവ് ജനങ്ങളുടേതാണ്. അത് ജനങ്ങള്‍ക്ക് ലഭ്യമാകണം. പൊതുഖജനാവില്‍നിന്ന് സാധാരണ പൌരന് നല്‍കുന്നതിനു തുല്യമായ വേതനം മാത്രമേ അദ്ദേഹം സ്വീകിരിച്ചിരുന്നുള്ളൂ.
ഒരു സാധാരണ പൌരന്‍ എന്ന നിലക്ക് ഏതൊരാള്‍ക്കും എപ്പോഴും ഖലീയോടു സംസാരിക്കാമായിരുന്നു. എതിര്‍ത്തു സംസാരിച്ചവര്‍ക്കു പോലും ഖലീഫ ക്ഷമാപൂര്‍വം അവസരം നല്‍കിയിരുന്നു. ജനങ്ങളുടെ തെറ്റിദ്ധാരണ അകറ്റുവാന്‍ ഇത് സഹായകമായിരുന്നു. അദ്ദേഹത്തിന്റെ ജീവിതം ഒരു തുറന്ന പുസ്തകം പോലെയായിരുന്നു.
മറ്റു മതവിശ്വാസികളോട് അദ്ദേഹം തികഞ്ഞ സഹിഷ്ണുതയില്‍ പെരുമാറി. നീതി നടപ്പിലാക്കുന്നതില്‍ മുസ്ലിം അമുസ്ലിം വ്യത്യാസമുണ്ടായിരുന്നില്ല. ഉമര്‍ സാഹിത്യതല്‍പരനായിരുന്നു. പ്രഗത്ഭനായ പ്രസംഗകനായിരുന്നു. കവികളെയും സാഹിത്യകാരന്‍മാരെയും പ്രോത്സാഹിപ്പിച്ചിരുന്നു. സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും അവരെ ആദരിക്കുകയും അവരുടെ ഉന്നമനത്തിന് യത്നിക്കുകയും ചെയ്തു.
ജനാധിപത്യ രീതിയിലുള്ള ഭരണസമ്പ്രദായമാണ് ഉമര്‍ രാജ്യത്ത് നടപ്പിലാക്കിയത്. എല്ലാ കാര്യങ്ങളും കൂടിയാലോചനാ സമിതിയില്‍ ഉന്നയിച്ച് ചര്‍ച്ചചെയ്ത് അംഗീകരിച്ചായിരുന്നു നടപ്പിലാക്കിയിരന്നത്. ‘ആലോചനയില്ലാതെ ഖിലാഫത്തില്ല’ എന്ന് ഉമര്‍ പ്രഖ്യാപിച്ചു. ‘ഒരാളുടെ അഭിപ്രായം ഒറ്റയിഴ നൂലുപോലെയാണ്. രണ്ടാളുടേത് പിരിച്ച ഈരിഴ പോലെയും മൂന്നാളുടേത് പൊട്ടാത്ത പാശം പോലെയുമാണ്.’ ഈ വാക്കുകള്‍ അദ്ദേഹം പ്രവര്‍ത്തിയിലൂടെ യാഥാര്‍ഥ്യമാക്കി.
ഉമറിന്റെ ഭരണ പരിഷ്കാരങ്ങള്‍
1. രാജ്യത്തെ പല പ്രവിശ്യകളായി തിരിച്ചു. മക്ക, മദീന, ജസീറ, ബസ്വറ, കൂഫ, ഈജിപ്ത്, ഫലസ്തീന്‍ തുടങ്ങിയവയൊക്കെ പ്രവിശ്യകളായിരുന്നു.
2. പ്രവിശ്യകളുടെ മേല്‍നോട്ടത്തിന് ഗവര്‍ണര്‍മാരെയും ന്യായാധിപന്മാരെയും നിയമിച്ചു. സൈനിക നേതൃത്വവും മതനേതൃത്വവും ഗവര്‍ണറില്‍ നിക്ഷിപ്തമായിരുന്നു.
3. പ്രവിശ്യകളെ ജില്ലകളായി തിരിച്ചു. പ്രവിശ്യാഗവര്‍ണര്‍ ‘വലിയ്യ്’, ‘അമീര്‍’ എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്നു. ജില്ലാ ഭരണമേധാവി ആമില്‍ എന്നാണ് അറിയപ്പെട്ടിരുന്നത്.
4. പട്ടാളക്കാരുടെ നിയമം, ശമ്പളത്തുക, പെന്‍ഷന്‍ തുടങ്ങിയവ കൈകാര്യം ചെയ്യുന്നതിന് ഒരു പട്ടാളവകുപ്പിന് രൂപം നല്‍കി.
5. കേന്ദ്രത്തിലും പ്രവിശ്യകളിലും പൊതുഖജനാവ് സമ്പ്രദായം (ധനകാര്യവകുപ്പ്) സ്ഥാപിച്ചു.
6. സകാതിനത്തിലും മറ്റും ശേഖരിക്കുന്ന ധനം ജനങ്ങളുടെ ആവശ്യത്തിന് വിനിയോഗിച്ചു.
7. കുറ്റവാളികളെ പിടികൂടുക, ജനങ്ങളുടെ പരാതികള്‍ അന്വേഷിച്ചറിയുക, യാത്രാസംഘങ്ങള്‍ക്കു സംരക്ഷണം നല്‍കുക തുടങ്ങിയ കാര്യങ്ങള്‍ക്ക് മേല്‍നോട്ടം നല്‍കുന്നതിനായി പോലീസ്വകുപ്പ് ഏര്‍പ്പെടുത്തി.
8. നാണയവ്യവസ്ഥ പരിഷ്കരിച്ചു.
9. കോടതി സ്ഥാപിച്ചു.
10. അടിമത്തം ഇല്ലാതാക്കാന്‍ തീവ്രശ്രമം നടത്തി. നബിയുടെ വചനങ്ങളും മാതൃകകളും പ്രയോഗവത്കരിച്ചു.
11. ജയിലുകള്‍ സ്ഥാപിച്ചു
12. രാജ്യത്ത് വ്യവസ്ഥാപിതമായി തപാല്‍ സമ്പ്രദായം ഏര്‍പ്പെടുത്തി.
13. നികുതി നിര്‍ണയിക്കാനായി കൃഷിഭൂമിയുടെ കണക്കെടുത്തു.
14. അളവിലും തൂക്കത്തിലും കൃത്രിമത്വം തടയാനും അങ്ങാടിനിലവാരം പരിശോധിക്കാനും സംവിധാനങ്ങളുണ്ടാക്കി.
15. പ്രവിശ്യകളിലെ ജനങ്ങളുടെ കണക്കെടുത്തു.
16. ഇമാം, മുഅദ്ദിന്‍ എന്നിവര്‍ക്ക് ശമ്പളം നിശ്ചയിച്ചു.
17. വിദ്യാലയങ്ങള്‍ സ്ഥാപിച്ചു. അധ്യാപകര്‍ക്ക് പൊതുഖജനാവില്‍നിന്ന് ശമ്പളം നല്‍കി.
18. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ റോഡുകള്‍ നിര്‍മിച്ച് ഗതാഗത സൌകര്യങ്ങള്‍ മെച്ചപ്പെടുത്തി.
19. ബസ്വറ, കൂഫ, ഫുസ്ത്വാത് തുടങ്ങിയ നഗരങ്ങള്‍ പണിതുയര്‍ത്തി.
20. ഹിജ്റ അടിസ്ഥാനമാക്കി ഒരു പുതിയ കലണ്ടര്‍ നടപ്പില്‍ വരുത്തി. ഹിജ്റ പതിനാറാം വര്‍ഷമാണ് ഈ കലണ്ടര്‍ ആരംഭിച്ചത്.
21. കൃഷിയും ജലസേചന സൌകര്യങ്ങളും മെച്ചപ്പെടുത്തി. നിരവധി കനാലുകള്‍ നിര്‍മിച്ചു. പൊതുകിണറുകളും അഥിതി മന്ദിരങ്ങളും നാടിന്റെ നാനാഭാഗങ്ങളിലും നിര്‍മിച്ചു.
22. ജനങ്ങള്‍ക്ക് പെന്‍ഷന്‍ സമ്പ്രദായം ഏര്‍പ്പെടുത്തി.
23. ഖലീഫക്ക് അമീറുല്‍ മുഅ്മിനീന്‍ എന്ന സ്ഥാനപ്പേര് ഉപയോഗിച്ചു. തുടര്‍ന്നു വന്ന ഖലീഫമാരും ഈ പേര് നിലനിര്‍ത്തിയതായി കാണാം.
ശത്രുക്കളുടെ ഗൂഢാലോചനയും അന്ത്യവും
ഉമര്‍ മസ്ജിദുന്നബവിയില്‍ സുബഹ് നമസ്കാരത്തിന് നേതൃത്വം നല്‍കുകയായിരുന്നു. മുന്‍നിരയില്‍ നിലയുറപ്പിച്ച പേര്‍ഷ്യക്കാരനായ ഫൈറൂസ് അബൂലുഅ്ലുഅ് മജൂസി ഉമറിനെ പെട്ടെന്ന് കഠാരകൊണ്ട് കുത്തി.
പേര്‍ഷ്യന്‍ പടനായകനായിരുന്ന ഹുര്‍മുസാനും ഹീറയിലെ ക്രിസ്ത്യന്‍ നേതാവായ ജുഫൈനയും ജൂതപുരോഹിതനായ കഅ്ബുല്‍ അഹ്ബാറും ചേര്‍ന്നു നടത്തിയ ഗൂഢാലോചനയുടെ ഫലമായിരുന്നു കൊലയാളിയായ ഫൈറൂസിനെ ഈ നീചകൃത്യത്തിനു പ്രേരിപ്പിച്ചതെന്ന് ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു.
ആസന്നമരണനായി കിടക്കുമ്പോള്‍ അദ്ദേഹം തന്റെ പിന്‍ഗാമിയെ തിരഞ്ഞെടുക്കുവാന്‍ പ്രഗത്ഭരായ ആറ് സ്വഹാബികള്‍ ഉള്‍പ്പെടുന്ന ഒരു സമിതിയെ ചുമതലപ്പെടുത്തി. അവരില്‍ ഒരാളെ ഖലീഫയായി തിരഞ്ഞെടുക്കുവാന്‍ നിര്‍ദേശിച്ചു. ഇസ്ലാമിന് ഉജ്ജ്വല സേവനങ്ങള്‍ അര്‍പ്പിച്ചവരും സ്വര്‍ഗസ്ഥരാവുമെന്ന് നബി സുവാര്‍ത്തയറിയിച്ചവരുമായ സ്വഹാബിവര്യന്മാരില്‍ അന്ന് ജീവിച്ചിരിക്കുന്നവരായിരുന്നു ഇവര്‍. ഉഥ്മാന്‍, അലി, ത്വല്‍ഹ, സുബൈര്‍, സഅദ്, അബ്ദുര്‍റഹ്മാനുബ്നു ഔഫ് എന്നിവര്‍ ഉള്‍പ്പെടുന്നതായിരുന്നു സമിതി.
ഗുരുതരമായി പരിക്കേറ്റ അമീറുല്‍ മുഅ്മിനീന്‍ അടുത്തദിവസം ഹി. 23 ദുല്‍ഹജ്ജ് 26 ന് ഈ ലോകത്തോട് വിടപറഞ്ഞു. നബിയുടെയും അബൂബക്കറിന്റെയും ഖബറിന് സമീപം ഉമറിനെയും ഖബറടക്കി.
ഇസ് ലാമിക ചരിത്രം (ടെക്സ്റ് ബുക്ക്, മജ്ലിസ് ഡിസ്റന്‍സ് എജ്യുക്കേഷന്‍ പ്രോഗ്രാം)
Comments
Post a Comment