കാലികള് കാത്തിരിക്കുന്നു.

കാലികള് കാത്തിരിക്കുന്നു...



   മഴയുടെ ശക്തി ഇപ്പോള്‍ കുറഞ്ഞിരിക്കുന്നു. വീടിനകത്തേക്ക് പാഞ്ഞുവന്ന മഴച്ചീന്തുകളെ ഓട് തടഞ്ഞു നിര്‍ത്തി ഇറയത്തുകൂടി മണ്ണിലേക്കൊഴുക്കിക്കൊണ്ടിരിക്കുന്നു. ളുഹ്്റു ബാങ്കിനു താളമേകി കൊടപ്പനക്കു മീതെ വെള്ളത്തുള്ളികള്‍ താളം പിടിക്കുന്നുണ്ട്. ആയിശുമ്മ പതിയെ വുളൂവെടുക്കാനായി ഏണീറ്റപ്പോള്‍ വേദന സഹിച്ചു കിടന്നിരുന്ന വയസ്സന്‍ കട്ടില്‍ ദീര്‍ഘനിശ്വാസത്തോടെ ഒന്നു മുരണ്ടു. വീടിനുള്ളില്‍ അതിക്രമിച്ചു കടന്നു കൂടിയ വെള്ളത്തുള്ളികളെ ദേഷ്യപ്പെടുത്താതെ ആയിശുമ്മ പതിയെ പുറത്തേക്കു നടന്നു. പാളക്കഷ്ണം കൊണ്ട് മൂടിവെച്ചിരുന്ന കുടത്തിലെ വെള്ളം കിണ്ടിയിലേക്കൊഴിക്കുന്പോള്‍ അംഗവൈകല്യം ബാധിച്ച കുടയുമേന്തി മുഹമ്മദിക്ക പള്ളിയില്‍ പോകാന്‍ കിതച്ചു വന്നു. ചെറുമകന്‍ അബുവിന്‍റെ പശുവുമായി പറന്പില്‍ കൂട്ടിരുന്നു വരുന്ന വരവാണ്. പള്ളിയിലെ ജമാഅത്തിനെത്താന്‍ കണിശത കാണിക്കുന്നത് കൊണ്ട് നേരത്തേ കഞ്ഞി വിളന്പിവെക്കാറാണു പതിവ്. നിസ്ക്കാരപ്പായയില്‍ സര്‍വശക്തനോട് ഇടറുന്ന ചുണ്ടുകളും ചുളിവുകള്‍ വീണ കൈകള്‍ നീട്ടുന്പോള്‍ ഹൃദയത്തിലുരുകിയ വേദനകളുടെ ചെറുകണങ്ങള്‍ പരിചിതമായ വഴിയിലൂടെ മുറതെറ്റാതെവീണ് കൈകളെ നനയിച്ചപ്പോള്‍ വയസ്സന്‍ ഓടില്‍ തളം കെട്ടിനിന്ന വെള്ളവും കൂട്ടിനു വന്നു. ഹൃദയത്തില്‍ ഒരുക്കൂടിവരുന്ന വിഷാദപാടകള്‍ക്കുള്ളില്‍ കുളിര്‍മയേകുന്ന ഭൂതകാലസ്മരണങ്ങള്‍ മൂടുപടം മൂടിപ്പുതച്ചുറങ്ങുന്നുണ്ടായിരുന്നു അപ്പോഴും...


ദാരിദ്ര്യം ഒഴിയാബാധയായി പിന്നില്‍ നടക്കുന്പോഴും നെല്ലുകുത്തി കിട്ടിയതുകൊണ്ട് വയറിനെ തലോടിയിരുന്ന കാലം. ഇല്ലായ്മയില്‍ അതിഥികളായെത്തിയ രണ്ടു ആണ്‍കുട്ടികളെയും ഒരുപെണ്‍കുഞ്ഞിനെയും നന്നായി സല്‍ക്കരിച്ചു വളര്‍ത്തി. ചെറുരോഗങ്ങള്‍ വരാതെ നിഴലായി രണ്ടുപേരും കൂടെ നടന്നു. ജീവിതത്തിനു കൂട്ടായി മരുമക്കള്‍ കൂടി വന്നപ്പോള്‍ വലിച്ചെറിഞ്ഞ പാഴ്്വസ്തുക്കളെപ്പോലെയായി ഇരുവരും. 
"വല്ല്യുമ്മാ......"അപ്പുറത്തെ വീട്ടില്‍ നിന്നും നീട്ടിവിളിക്കുന്നതു കേട്ടപ്പോള്‍ മടിയിലിരിക്കാന്‍ ഊഴം കാത്തുനിന്നരുന്ന പേരമക്കളുടെ മുഖങ്ങള്‍ ഹൃദയത്തില്‍ മിന്നലും ഇടിയുമുണ്ടാക്കി. ലാളനകളും തലോടലുകളുമായി ദിവസങ്ങള്‍ മാറിവരുന്നതനുസരിച്ച് മക്കളുടെ ഹൃദയബന്ധത്തിന്‍റെ ദൂരം കൂടുന്നതവര്‍ അറിഞ്ഞിരുന്നില്ല. വീടുകളോടൊപ്പം ഹൃദയങ്ങളും കൂടുമാറിപ്പോയി. അബുവിന്‍റെ കൂടെ താമസം തുടരവേ അപസ്വരങ്ങള്‍ പതിവായി തുടര്‍ന്നപ്പോള്‍ ആയിശുമ്മയെയും കൂട്ടികളിചിരികള്‍ മാറാല പിടിച്ച് കിടക്കുന്ന പഴയ തറവാട്ടിലേക്കു തന്നെ മടങ്ങി. മാതാപിതാക്കള ഒഴിവാക്കിയ മക്കളെന്ന ചീത്തപ്പേര് കേള്‍ക്കാതിരിക്കാന്‍ മുഹമ്മദിക്ക അകന്ന മക്കളുടെ വീടുകളില്‍ അതിഥിയായ് പോയും വന്നും കൊണ്ടിരുന്നു. ഉമ്മറിനൊപ്പം ഹോട്ടല്‍ ജീവനക്കാരനായുംഅബുവിന്‍റെ കന്നുകാലിമേയ്ക്കുന്നയാളുമായി മക്കളുടെ വരുമാനത്തിനു സഹായമേകി. പേരമക്കളുടെ മനസ്സില്‍, മുഹമ്മദിക്കയെ വല്ല്യുപ്പയുടെ റോളില്‍ നിന്നും തൊഴിലാളിയുടെ റോളിലേക്കു സ്ഥാനം മാറ്റി. അതിഥിയായെത്തുന്ന മാസികയെപ്പോലെ മകളുടെ വരവും ഇടക്കിടെ ഹൃദയമിടിപ്പളക്കാന്‍ വരുന്ന നേഴ്സിനെപ്പോലെയായി. രാത്രി നിറുത്താതെ ചുമച്ചു കിതയ്ക്കുന്ന മുഹമ്മദിക്കയുടെ ചാരെയിരുന്നു തലോടാനേ ആയിശുമ്മക്കു കഴിഞ്ഞുള്ളൂ. എന്തെങ്കിലും പറയാന്‍ തുടങ്ങിയാലും മക്കളെ കുറ്റപ്പെടുത്തരുതെന്ന മറുപടിയാവും കേള്‍ക്കാനുണ്ടാകുക. പെരുന്നാളും സന്തോഷങ്ങളും അവരെ കാണാത്ത പോലെ വഴിമാറി നടന്നു. പേരമക്കളെ വാരിയെടുക്കാന്‍ അരികിലെത്തുന്പോഴേക്കും "ഉമ്മാാ...."യെന്നു വിളിച്ചവര്‍ ഓടിയൊളിച്ചു. മറന്നുതുടങ്ങിയ പാചക കലയെ ഉണര്‍ത്തിയെടുക്കാന്‍ കാഴ്ച മങ്ങിയ കണ്ണുകളും ബലഹീനമായ കൈകളും തപ്പിത്തടഞ്ഞപ്പോള്‍ മുഹമ്മദിക്കയും കൂട്ടുവന്നു ചെറുസഹായമേകി.

ഉച്ചയുറക്കമുണര്‍ന്ന സൂര്യന്‍റെ രശ്മികള്‍ മഴവെള്ളം കുടിക്കാന്‍ അരിച്ചെത്തി. ക്ഷീണിച്ചവശരായ കണ്ണുനീര്‍ തുള്ളികള്‍ അടുത്ത വഖ്തില്‍ വരാമെന്നേറ്റ് വിശ്രമിക്കാന്‍ പോയി. ആയിശുമ്മ പതിയെ പായ മടക്കുന്പോള്‍ പുറത്തുനിന്നും മുഹമ്മദിക്ക വിളിച്ചു പറയുന്നുണ്ടായിരുന്നു, "ആയിശൂ....വേഗം ചോറ് വെളന്പ്പശുക്കള്‍ എന്നെയും കാത്തുനിക്കുകയാകും. അവയെ തൊഴുത്തില്‍ കെട്ടിവേണം ഹോട്ടല്ക്ക് ചെല്ലാന്‍..അവിടെ പാത്രങ്ങള്‍ കൂടിക്കെടക്ക്ണ്്ണ്ടാകും..!"

Comments

Popular posts from this blog

മഹാനായ അലി (റ അ)ചരിത്രം

മുത്തുനബി (സ)യുട കുട്ടിക്കാലം

മൂസാ നബി (അ) ചരിത്രം ഒരു ലഘു വിവരണം