കണ്ണീരില്‍ കുതിര്‍ന്ന കഥയാണ് ഉഹ്ദ് യുദ്ധ ചരിത്രം. ഉഹ്ദ് മലയുടെ താഴ്വ രയില്‍ രക്തപ്പുഴയൊഴുകിയ കഥ. അവിടുത്തെ ഓരോ മണല്‍ തരിക്കുമുണ്ട് ഓരോ കദനകഥ പറയാന്‍. ഉഹ്ദ് എന്ന ശബ്ദത്തിനര്‍ത്ഥം ഒറ്റപ്പെട്ടതെന്നാണ്, മറ്റുമലകളില്‍ നിന്ന്‍ ഒറ്റപ്പെട്ടു തലയുയര്‍ത്തിനില്‍ക്കുന്നതുകൊണ്ടാണ് ആ പേര് അതിനുലഭിച്ചത്. അനുസരണക്കേട് കാണിച്ച സത്യവിശ്വാസികളേ ഒറ്റപ്പെടുത്തിയത് ആ താഴ്വരയില്‍ വെച്ചാണ്. മദീനയില്‍ നിന്ന്‍ ഏകദേശം മൂന്ന്‍ മൈല്‍ അകലെ ഇന്നും ഉഹ്ദ്മല തലയുയര്‍ത്തി നില്‍ക്കുന്നു. ഇപ്പോഴും മുസ്ലിംലോകത്തോടതു വിളിച്ചുപറയുന്നു; നിങ്ങള്‍ ഒറ്റപ്പെടരുത്, നേതാവിന്‍റെ കല്പന ധിക്കരിച്ചാല്‍ ഇനിയും നിങ്ങള്‍ ഒറ്റപ്പെട്ടുപോകും,,,, ചിന്നഭിന്നമാകും, ഐക്യം കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കുക, ഭിന്നിച്ചാല്‍ നിങ്ങള്‍ തകര്‍ന്നു തരിപ്പണമാകും........! ബദറില്‍വെച്ച് കേവലം മുന്നൂറ്റിപ്പതിമൂന്ന്‍ നിരായുധരായ സത്യവിശ്വാസികള്‍ സര്‍വ്വായുധധാരികളായ ആയിരത്തോളം സത്യനിഷേധികളായ ഖുറൈശികളെ അടിച്ചോടിച്ചു. കനത്ത പ്രഹരമാണവര്‍ക്കേറ്റത്, ഒരിക്കലും ഉണങ്ങാത്ത മുറിവ്! ഖുറൈശി പ്രമാണിമാരായ എഴുപതുപേര്‍ കട പുഴകിവീണ പനകള്‍പോല...